Asianet News MalayalamAsianet News Malayalam

"മുസഫര്‍നഗറില്‍ പൊലീസ് കലാപമഴിച്ചുവിട്ടു"; മുസ്ലിം വീടുകളില്‍ യുപി പൊലീസിന്‍റെ അതിക്രമ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആക്ടിവിസ്റ്റുകള്‍

"മുസ്ലീങ്ങളെയെല്ലാം ഇന്ത്യയില്‍ നിന്ന് പുറത്താക്കും. വീടുകളുടെ ചുമരും മതിലും നശിപ്പിക്കരുത്. ഇവര്‍ ഇവിടം വിട്ടാല്‍ അതെല്ലാം നമുക്ക് സ്വന്തമാക്കാം" എന്ന് പൊലീസുകാര്‍ ആക്രോശിച്ചതായി വീട്ടുകാരെ ഉദ്ധരിച്ച് കവിതാ കൃഷ്ണന്‍ വ്യക്തമാക്കി.

UP Police assaulting Muslims in Muzaffarnagar  during CAA protest, activists release videos
Author
New Delhi, First Published Dec 29, 2019, 7:27 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവര്‍ക്കുനേരെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ പുറത്തുവിട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. സമരത്തിനിറങ്ങിയ മുസ്ലീങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ മുസ്ലീം വീടുകളിലെ പൊലീസ് അതിക്രമ ദൃശ്യങ്ങളാണ് ജോണ്‍ ദയാല്‍, കവിത കൃഷ്ണന്‍, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 

ആക്രമികള്‍ പൊലീസ് മാത്രമായിരുന്നുവെന്നും മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണമെന്നും ഇവര്‍ ആരോപിച്ചു. വീഡിയോകളെ സംബന്ധിച്ച് മറുപടി പറയാന്‍ പൊലീസോ സംസ്ഥാന സര്‍ക്കാറോ ഇതുവരെ തയ്യാറായിട്ടില്ല. പൊലീസുകാര്‍ യൂണിഫോം മാറ്റി, ലഹളക്കാരെന്ന് വരുത്തി തീര്‍ത്തുവെന്നും കവിതാ കൃഷ്ണന്‍ ആരോപിച്ചു. പ്രതിഷേധത്തിനിടെ മുസഫര്‍നഗറില്‍ നിരവധി മുസ്ലീങ്ങളുടെ വീടുകളാണ് ആക്രമണത്തിനിരയായത്.  

സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ആക്രമത്തിനിരയായി എന്നും ഇവര്‍ ആരോപിച്ചു. പുരുഷന്മാരെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചു. റാപിഡ് ആക്ഷന്‍ ഫോഴ്സാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. "മുസ്ലീങ്ങളെയെല്ലാം ഇന്ത്യയില്‍ നിന്ന് പുറത്താക്കും. വീടുകളുടെ ചുമരും മതിലും നശിപ്പിക്കരുത്. ഇവര്‍ ഇവിടം വിട്ടാല്‍ അതെല്ലാം നമുക്ക് സ്വന്തമാക്കാം" എന്ന് പൊലീസുകാര്‍ ആക്രോശിച്ചതായി വീട്ടുകാരെ ഉദ്ധരിച്ച് കവിതാ കൃഷ്ണന്‍ വ്യക്തമാക്കി. 

വീടുകള്‍ക്കുള്ളിലെ ഫര്‍ണിച്ചറും മറ്റ് ഗൃഹോപകരണങ്ങളുമെല്ലാം നശിപ്പിച്ച വീഡിയോയും ഇവര്‍ പുറത്തുവിട്ടു. മുസ്ലിം പുരുഷന്മാരുടെ കൈയില്‍ പൊലീസ് ബലപ്രയോഗത്തിലൂടെ തോക്ക് നല്‍കി അറസ്റ്റ് ചെയ്തു. ചില വീടുകളിലെ പാത്രം പോലും ബാക്കിവെച്ചില്ല. വ്യാപക മോഷണവും നടത്തിയിട്ടുണ്ട്. പൊലീസ് അതിക്രമത്തില്‍ ഭയന്ന് ഷിയാ വിദ്യാഭ്യാസ കേന്ദ്രമായ ബീഗം നൗഷാബ കോംപ്ലക്സില്‍ ഒളിച്ച കുട്ടികളെയും അധ്യാപകരെയും പൊലീസ് മര്‍ദ്ദിച്ചു. മുസ്ലീങ്ങള്‍ പഠിക്കുന്ന നിരവധി സ്കൂളുകളും മദ്റസകളും ആക്രമണത്തിനിരയാക്കിയതായും ഇവര്‍ പറയുന്നു. 

മുസഫര്‍നഗറില്‍ പൊലീസ് നടത്തിയ ഫ്ലാഗ് മാര്‍ച്ചിനിടെ പൊലീസ് ഹാമിദ് ഹസന്‍ എന്ന വയോധികനെ ആക്രമിച്ചു. താടിയില്‍ പിടിച്ച് വലിച്ച് പാകിസ്ഥാനിലേക്ക് പോകാന്‍ അലറി. രാത്രിയില്‍ തെരുവ് വിളക്ക് അണച്ച് 40ഓളം വാഹനങ്ങള്‍ തകര്‍ത്തു. മുസ്ലീങ്ങള്‍ നടത്തുന്ന ഷോപ്പുകള്‍ക്കുനേരെയും ആക്രമണമഴിച്ചുവിട്ടു. മുസഫര്‍നഗറിലെ ജസ്വന്ത്പുരിയിലെ മുസ്ലിം സമുദായ നേതാവും സാമൂഹിക പ്രവര്‍ത്തകനും മുഹമ്മദ് ഇന്ദസാര്‍ എന്നയാളുടെ വീട്ടില്‍ 40ഓളം വരുന്ന പൊലീസ് അഴിഞ്ഞാടി. രണ്ട് കാറുകള്‍ തകര്‍ത്തു. കണ്ണില്‍ കണ്ടതെല്ലാം അടിച്ച് നശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ഇവര്‍ ആരോപിച്ചു. 

അതേസമയം, ഹിന്ദുക്കളുടെ ഒരു വീടുപോലും ആക്രമണത്തിനിരയായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. കലാപകാരികള്‍ എന്ന് പൊലീസ് മുദ്രകുത്തിയ മുസ്ലിം ചെറുപ്പക്കാരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കി. കലാപകാരികളെപ്പോലെയാണ് പൊലീസ് പെരുമാറിയത്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഇവര്‍ വിമര്‍ശനമുന്നയിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ആദിത്യാനാഥ് പറഞ്ഞത് പൊലീസിന് ധൈര്യമേകി. പൊലീസിനൊപ്പം ബിജെപി പ്രവര്‍ത്തകരും മുസ്ലീങ്ങളെ ആക്രമിക്കാന്‍ പങ്കുചേര്‍ന്നെന്നും ഇവര്‍ ആരോപിക്കുന്നു.
 

Follow Us:
Download App:
  • android
  • ios