ഉത്തര്‍പ്രദേശിലെ മഹാമഹർഷി ദേവരഹ ബാബ മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്

ദിയോറിയ: മെഡിക്കൽ കോളേജിലെ വെള്ളത്തിന് ദുർഗന്ധം പരിശോധനയിൽ കണ്ടെത്തിയത് 61കാരന്റെ മൃതദേഹം. ഉത്തർ പ്രദേശിലെ ദിയോറിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗികൾ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതിപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ അ‌ഞ്ചാം നിലയിലെ ടാങ്ക് പരിശോധിക്കുന്നത്. വലിയ തോതിൽ അഴുകിയ നിലയിൽ ഒരു മൃതദേഹമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മഹാമഹർഷി ദേവരഹ ബാബ മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ 61കാരന്റെ മരണം ശ്വാസം മുട്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. അശോക് ഗവാൻഡേ എന്ന 61കാരനാണ് മരണപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാൾ മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്നു. ഉത്തർ പ്രദേശിലെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഇയാളെ പരിക്ക് പറ്റിയ നിലയിൽ കണ്ടതോടെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം, ടാങ്കിലെ ജലം ഉപയോഗിച്ചത് ദിവസങ്ങളോളം

എന്നാൽ പരിശോധനയ്ക്കിടെ ഇയാളെ കാണാതാവുകയായിരുന്നു. ടാങ്കിലെ വെള്ളത്തിൽ മനുഷ്യന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതോടെ വലിയ രീതിയിലുള്ള ആശങ്കയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുണ്ടായത്. എന്നാൽ ഈ ടാങ്കിൽ നിന്നുള്ള വെള്ളം കുടിക്കാനുള്ള ആവശ്യത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. ശുചിമുറികളിലേക്കും കുടിവെള്ളത്തിനും അല്ലാതെയുള്ള ആവശ്യങ്ങൾക്കാണ് ഈ ടാങ്കിലെ വെള്ളം ഉപയോഗിച്ചിരുന്നതെന്നാണ് ആശുപത്രി അധികൃതർ വാദിക്കുന്നത്.

സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നിരവധി വീഴ്ചയാണ് സംഭവത്തിൽ കണ്ടെത്തിയിട്ടുള്ളത്. ടെറസിലേക്ക് ആർക്കും പ്രവേശിക്കാവുന്ന അവസ്ഥയാണെന്നും സിസിടിവി ഇല്ലെന്നും ടെറസിൽ നിന്ന് മദ്യകുപ്പികളും ലഹരിവസ്തുക്കളും കണ്ടെത്തിയതായി ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിന്റെ അന്വേഷണ റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് 61 കാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്. സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസുള്ളത്. 61കാരന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടുണ്ട്. ഗോരഖ് പൂരിലെ ബന്ധുക്കളെ കാണാനെത്തിയ 61കാരൻ എങ്ങനെയാണ് ദിയോറിയയിലേക്ക് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം