മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയ കുടുംബത്തിന് ലഭിച്ചത് ഒരു യുവാവിന്‍റെ മൃതദേഹം. 12 വയസ്സുള്ള സീലയുടെ മൃതദേഹമാണ് ആശുപത്രിയി ല്‍നിന്ന് മറ്റൊരു യുവാവിന്റെ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്.

റിയാദ്: മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയ കുടുംബത്തിന് ലഭിച്ചത് ഒരു യുവാവിന്‍റെ മൃതദേഹം. സൗദി അറേബ്യയിലാണ് സംഭവം ഉണ്ടായത്. ഖസീം മേഖലയിലെ അൽ റാസ് ജനറൽ ആശുപത്രിയിലാണ് സംഭവം.

ഇതിനെ തുടര്‍ന്ന് അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹങ്ങൾ മാറിപ്പോയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാൻ പ്രത്യേക സമിതിക്ക് അമീർ നിർദ്ദേശം നൽകി. രോഗികളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെ അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളിൽ കർശനമായ ഉത്തരവാദിത്തവും ഏറ്റവും ഉയർന്ന കൃത്യതയും പാലിക്കേണ്ടതിന്‍റെ ആവശ്യകത പ്രിൻസ് ഫൈസൽ ചൂണ്ടിക്കാട്ടി. മരിച്ച പെൺകുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ അബദ്ധത്തില്‍ ഒരു യുവാവിന്‍റെ കുടുംബത്തിന് കൈമാറുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ഈ മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് അബദ്ധം മനസ്സിലാക്കിയത്.

12 വയസ്സുള്ള സീലയുടെ മൃതദേഹമാണ് ആശുപത്രിയി ല്‍നിന്ന് മറ്റൊരു യുവാവിന്റെ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. യുവാവിന്റെ കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അല്‍റസ് ജനറല്‍ ആശുപത്രിയില്‍ ബാലിക മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം മൃതേദേഹം മറവുചെയ്യാനായി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് മകളുടെ മൃതദേഹം ശനിയാഴ്ച മറ്റൊരു കുടുംബത്തിന് മാറി നൽകിയത് മനസ്സിലായത്. സംഭവത്തിൽ കുടുംബം ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നൽകി. ഇതേത്തുടർന്നാണ് അമീർ ഉടൻ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. എങ്ങനെയാണ് ഈ ഗുരുതരമായ പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കാനുമാണ് അന്വേഷണം ലക്ഷ്യമിടുന്നത്.