ലഖ്നൗ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത്തിൽ ഉത്തർപ്രദേശിൽ എട്ട് വയസുകാരനടക്കം 12 പേര്‍ മരിച്ചു. യുപിയിലെ 21 സ്ഥലങ്ങളിൽ മൊബൈൽ ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മീററ്റിലും ബിജ്നോറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബീഹാറിൽ ബന്ദിനിടെ ചില സ്ഥലങ്ങളിൽ അക്രമം നടന്നു. മധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്.

ഉത്തർപ്രദേശിൽ ഇന്നലെ പലയിടത്തും വെള്ളിയാഴ്ചയിലെ പ്രാർത്ഥനയ്ക്കു ശേഷമുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയായിരുന്നു. പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. അക്രമം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചിലസ്ഥലങ്ങളിൽ വെടിയൊച്ച കേട്ടു എന്ന് പ്രാദേശിക മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. മരണസംഖ്യ പതിനൊന്നായി ഉയർന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ ചിലർ വെടിയേറ്റാണ് മരിച്ചത്. എട്ട് വയസുകാരനും സംഘർഷത്തിൽ മരിച്ചു. 

വെടിവച്ചില്ല എന്ന നിലപാടിൽ യുപി ഡിജിപി ഉറച്ചു നില്ക്കുകയാണ്. ഇന്നും മൊറാദാബാദിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി സംഘർഷം കർശനമായി നേരിടാൻ യോഗി ആദിത്യനാഥ് സർക്കാർ പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേർക്ക് നോട്ടീസ് നല്‍കി. നൂറ്റമ്പതിലധികം പേർ അറസ്റ്റിലായി. മൂന്നൂറോളം പേർ കരുതൽ കസ്റ്റഡിയിലാണ്.

ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. പലയിടത്തും ടയറുകൾ കത്തിച്ച് റോഡ് തടഞ്ഞു. ട്രെയിൻ സർവ്വീസുകളെയും ബന്ദ് ബാധിച്ചു. ഭാഗൽപൂരിൽ ബന്തിനിടെ വ്യാപക അക്രമം നടന്നു. മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞയുണ്ട്. ഗുജറാത്തിലെ രാജ്കോട്ടിലും അഹമ്മദാബാദിലും ജാഗ്രത തുടരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞുവച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.