ആദ്യ ഭാര്യ നില നിൽക്കെയായിരുന്നു സുരേഷിന്‍റെ രണ്ടാം വിവാഹം.
ഡെറാഡൂൺ: രണ്ടാം വിവാഹം വിവാദമായതിന് പിന്നാലെ ബിജെപി നേതാവും മുൻ എംഎൽഎയുമായ സുരേഷ് റാത്തോഡിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ആറ് വർഷത്തേക്കാണ് സുരേഷിനെ പാർട്ടിയിൽ നിന്ന് ബിജെപി പുറത്താക്കിയത്. സഹാറൻപൂർ സ്വദേശിയായ നടി ഊർമിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യ ഭാര്യ നില നിൽക്കെയായിരുന്നു സുരേഷിന്‍റെ രണ്ടാം വിവാഹം.
സംഭവം വിവാദമായതോടെ ബിജെപി ഇക്കാര്യത്തിൽ സുരേഷ് റത്തോഡിനോട് വിശദീകരണം ചോദിച്ചിരുന്നു. ജനുവരിയിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡ് ബഹുഭാര്യത്വം കുറ്റകരമാക്കുന്നതിനാൽ വലിയ വിമർശനമാണ് ബിജെപി നേതാവിനെതിരെ ഉയർന്നത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുളള വിവാഹം നിയമപരമായി വേര്‍പെടുത്താതെയായിരുന്നു മുന്‍ എംഎല്‍എയുടെ രണ്ടാം വിവാഹം. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി.
'ചില കാരണങ്ങള്‍ മൂലം ഞാന്‍ ഈ ബന്ധം ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. ഇക്കാര്യം ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ്' എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് റാത്തോഡ് പറഞ്ഞത്. ഇയാള്‍ ഏറെക്കാലമായി ഊര്‍മ്മിളയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാൽ സുരേഷിന്‍റെ വിശദീകരണത്തിൽ പാർട്ടി നേതൃത്വം തൃപ്തരല്ല. നിങ്ങൾ പാർട്ടി അച്ചടക്കവും സാമൂഹിക പെരുമാറ്റ മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിച്ചുവെന്ന് ബിജെപി നേതൃത്വം പറഞ്ഞു. പാര്‍ട്ടിയുടെ അച്ചടക്കവും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളും തുടര്‍ച്ചയായി ലംഘിച്ചതായി കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സുരേഷ് റാത്തോഡിനെ പുറത്താക്കിയതെന്ന് സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി രാജേന്ദ്ര ബിഷ്ത് ഒപ്പിട്ട കത്തിൽ പറയുന്നു.
