സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി.
ദില്ലി : ഇന്ത്യാ-പാക് സംഘർഷം ശക്തമായതോടെ ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും സർക്കാർ നിർദ്ദേശം നൽകി.
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ, നേപ്പാൾ, ചൈന അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡും ജാഗ്രതയിലാണ്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷവും ഇന്ത്യൻ സൈനിക വിമാനങ്ങൾ അതിർത്തിയിൽ ആകാശത്തിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തി. പുലർച്ചെ 1 മുതൽ 3 വരെ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ ഡൂണിന്റെ ആകാശത്തിന് മുകളിലൂടെ പറന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ ഇന്ത്യ അതിർത്തിയിൽ ആക്രമണ പ്രത്യാക്രമണങ്ങൾ നടന്ന അതേ സമയം തന്നെ ചൈനീസ് അതിർത്തി വഴി ഏതെങ്കിലും അക്രമണങ്ങളുണ്ടാകുകയാണെങ്കിൽ പ്രതിരോധിക്കാനാണ് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ സജ്ജമായിരുന്നത്.
പാകിസ്ഥാൻ അതൃത്തി പങ്കിടുന്ന പഞ്ചാബിൽ, നിലവിലെ സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. അതിർത്തി ജില്ലകളിലെ അടിയന്തര സേവനങ്ങൾ മന്ത്രിമാർ അവലോകനം ചെയ്യും. ആശുപത്രികൾ അഗ്നി രക്ഷാസ്റ്റേഷനുകൾ എന്നിവയിൽ തയ്യാറെടുപ്പുകൾ പരിശോധിക്കും. 10 ക്യാബിനറ്റ് മന്ത്രിമാർ അതിർത്തി ജില്ലകളിൽ സന്ദർശനം നടത്തും. ചണ്ഡിഗഢിൽ നേരത്തെ നൽകിയിരുന്ന അലർട്ട് പിൻവലിച്ചു. നിലവിൽ അടിയന്തര സാഹചര്യമില്ലെന്ന് വ്യോമസേന ജില്ലാ കളക്ടറെ അറിയിച്ചു. പഞ്ച്കുലയിലെ മുന്നറിയിപ്പും പിൻവലിച്ചു.



