ഭീകര വാദത്തിനെതിരെ പൊരുതാന്‍ ഇന്ത്യ പ്രാപ്തരായി കഴിഞ്ഞുവെന്നും‌ അടുത്തിടെയായി അത് തെളിയിച്ചു കഴിഞ്ഞതാണെന്നും ബാലകോട്ട് ആക്രമണത്തെ ഉദ്ധരിച്ച് വെങ്കയ്യ നായിഡു പറഞ്ഞു. 

അസന്‍സിയോണ്‍: അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സൃഷ്ടിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാകിസ്ഥാന്‍ ഭീകരവാദത്തെ പൊതുവായ നയമാക്കി മാറ്റുകയാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പാരഗ്വായില്‍ ഇന്ത്യന്‍ വംശജരുമായി സംവാദിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

‌'അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുൻ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ പറഞ്ഞു, സുഹൃത്തുക്കളെ നിങ്ങള്‍ക്ക് മാറ്റാനാകും. എന്നാല്‍ നിങ്ങളുടെ അയല്‍ക്കാരെ ഒരിക്കലും മാറ്റാനാകില്ലെന്ന്. ആ വാക്കുകള്‍ ഉള്‍കൊണ്ടുകൊണ്ട് അതിനുവേണ്ടി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ്'- നായിഡു പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ ഒരു അയല്‍ക്കാരന്‍ ഭീകരവാദത്തെ പൊതുവായ നയമാക്കി മാറ്റുകയാണ്. അവര്‍ ഭീകരവാദത്തെ സഹായിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനവികതയുടെ ശത്രുവാണ് ഭീകരവാദമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് വിശ്വാസം ഇല്ലെന്നും അത് ഭയത്തെയും ഭ്രാന്തിനെയും സൃഷ്ടിക്കുകയാണെന്നും നായിഡു പറഞ്ഞു. ഭീകരവാദത്തെ ലോകത്തുനിന്നു തന്നെ തുടച്ചു നീക്കണം. എല്ലാ സമൂഹവും ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ അത് വളരെ ലളിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകര വാദത്തിനെതിരെ പൊരുതാന്‍ ഇന്ത്യ പ്രാപ്തരായി കഴിഞ്ഞുവെന്നും‌ അടുത്തിടെയായി അത് തെളിയിച്ചു കഴിഞ്ഞതാണെന്നും ബാലകോട്ട് ആക്രമണത്തെ ഉദ്ധരിച്ച് വെങ്കയ്യ നായിഡു പറഞ്ഞു.