Asianet News MalayalamAsianet News Malayalam

'ഹിന്ദുദൈവങ്ങളിൽ വിശ്വസിക്കില്ല, ആരാധിക്കില്ല'; വിവാദമായി എഎപി നേതാവിന്റെ പ്രതിജ്ഞ, ആയുധമാക്കി ബിജെപി

ധർമ്മചക്ര പരിവർത്തൻ ദിനത്തിന്റെ ഭാ​ഗമായി നടത്തിയ  ചടങ്ങ് 1956 ഒക്ടോബറിൽ‌ ഡോ അംബേദ്കർ ലക്ഷക്കണക്കിന് അനുയായികൾക്കൊപ്പം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ സ്മരണക്കായാണ് നടത്തിയത്. അന്ന് അംബേദ്കർ ചൊല്ലിയ 22 പ്രതിജ്ഞകളാണ് ഈ ചടങ്ങിൽ ആം ആദ്മി മന്ത്രി രാജേന്ദ്ര പാൽ ​ഗൗതം ജനങ്ങൾക്ക് ചൊല്ലിക്കൊടുത്തത്.  

video of aap minister reciting oath at a religious conversion ceremony makes controversy
Author
First Published Oct 7, 2022, 4:38 PM IST

ദില്ലി: ഒരു മതപരിവർത്തന ചടങ്ങിൽ പ്രതിജ്ഞ ചൊല്ലുന്ന ആം ആദ്മി പാർട്ടി മന്ത്രിയുടെ വീഡിയോ വിവാദമാക്കി ബിജെപി. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് ആയിരക്കണക്കിന് ആളുകൾക്ക് മന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വീഡിയോയാണ് വൈറലായതും ബിജെപി വിവാദമാക്കിയതും. ധർമ്മചക്ര പരിവർത്തൻ ദിനത്തിന്റെ ഭാ​ഗമായി നടത്തിയ  ചടങ്ങ് 1956 ഒക്ടോബറിൽ‌ ഡോ അംബേദ്കർ ലക്ഷക്കണക്കിന് അനുയായികൾക്കൊപ്പം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ സ്മരണക്കായാണ് നടത്തിയത്. അന്ന് അംബേദ്കർ ചൊല്ലിയ 22 പ്രതിജ്ഞകളാണ് ഈ ചടങ്ങിൽ ആം ആദ്മി മന്ത്രി രാജേന്ദ്ര പാൽ ​ഗൗതം ജനങ്ങൾക്ക് ചൊല്ലിക്കൊടുത്തത്.  
 
"ഞാൻ ബ്രഹ്മാവിൽ വിശ്വസിക്കില്ല, വിഷ്ണു, മഹേശ്വരന്മാരിലും വിശ്വസിക്കില്ല, അവരെ  ആരാധിക്കുകയുമില്ല". ഈ പ്രതിജ്ഞയാണ് ബിജെപി വിവാദമാക്കിയത്. അത് ഹിന്ദുത്വത്തെയും ബുദ്ധിസത്തെയും അപമാനിക്കുന്നതാണെന്ന് ബിജെപി ആരോപിക്കുന്നു. എഎപി മന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. അ​ദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. ഹിന്ദുക്കൾക്കെതിരെ  വിഷം വമിപ്പിക്കുന്നു എന്ന പേരിലാണ് വിവാദ വീഡിയോ ബിജെപി ട്വീറ്റ് ചെയ്തത്. 

"നോക്കൂ എങ്ങനെയാണ് കെജ്രിവാളിന്റെ മന്ത്രിമാർ ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുന്നതെന്ന്. ഹിന്ദുവായ കെജ്രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും ഹിന്ദു വിരുദ്ധ മുഖമാണ് എല്ലാവരുടെയും മുന്നിൽ തെളിഞ്ഞിരിക്കുന്നത്. ഹിന്ദു വിരുദ്ധ ആം ആദ്മിക്ക് ജനം ഉടൻ തന്നെ മറുപടി നൽകും. കെജ്രിവാൾ, നിങ്ങളെയോർത്ത് ലജ്ജിക്കുന്നു". മനോജ് തിവാരി ട്വീറ്റ് ചെയ്തു. 

 രാജേന്ദ്രപാൽ ബിജെപി ആരോപണങ്ങളോട് പ്രതികരിച്ചത് ഭരണഘടനാ അവകാശങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ്. "ബിജെപി ദേശവിരു​ദ്ധമാണ്. എനിക്ക് ബുദ്ധിസത്തിൽ വിശ്വാസമുണ്ട്. അതിൽ മറ്റുള്ളവർക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്താണ്. അവർ പരാതി നൽകട്ടെ. ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. ബിജെപിക്ക് ആം ആദ്മി പാർട്ടിയെ പേടിയാണ്. അവർക്ക് ഞങ്ങൾക്കെതിരെ വ്യാജ പരാതി നൽകാനേ കഴിയൂ.  മതാടിസ്ഥാനത്തിൽ വോട്ടുകളെ കണ്ടവർ ചതിയന്മാരാണ്. അവർക്ക് വേറെ അജണ്ടകളില്ല.  അവർ വിചാരിക്കുന്നത് അവർക്ക് മതത്തിന് മേൽ അധികാരമുണ്ടെന്നാണ്. അവർ ചോദിക്കുന്നത് എന്തിനാണ് എഎപി പ്രവർത്തകർ ക്ഷേത്രങ്ങളിൽ പോകുന്നതെന്നാണ്. വിശ്വാസമുള്ളവർ പോകും. എനിക്ക് വിശ്വാസം ബുദ്ധമതത്തിലാണ്, ഞാനവിടെ പോകും. ഏത് മതം തെരഞ്ഞെടുക്കണമെന്ന് എന്നെ ആർക്കും നിർബന്ധിക്കാനാവില്ല". രാജേന്ദ്ര പാൽ ​ഗൗതം പറഞ്ഞു. അതേസമയം, ആം ആദ്മി പാർട്ടിയുടെ ഹിന്ദുവിരുദ്ധ മുഖം തെളിഞ്ഞിരിക്കുന്നു എന്ന തരത്തിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. 
 
 

Follow Us:
Download App:
  • android
  • ios