ദില്ലി: കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്‍റെ വീഡിയോ കോടതിയില്‍. പ്രസംഗത്തിന്‍റെ പൂര്‍ണരൂപം കോടതി സോളിസിറ്റര്‍ ജനറലിന് കൈമാറി. ദില്ലി കലാപ കേസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും പരിഗണിക്കും.കേസ് നാളത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും രൂക്ഷ വിമര്‍ശനമായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടില്ലേയെന്നും കോടതി ചോദിച്ചു. താനിതേ കുറിച്ച് വിശദമായ പഠിച്ചശേഷം ആവശ്യമായ വിവരങ്ങളുമായി നാളെ തിരിച്ച് വരാമെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്‍റെ മറുപടി. 

എന്നാല്‍ കപില്‍ മിശ്രയുടെ വീഡിയോ കണ്ടില്ലേയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. എന്തുകൊണ്ട് വിഷയത്തില്‍ നപടിയെടുത്തില്ലെന്ന് ദില്ലി പൊലീസിനോട് കോടതി ചോദിക്കുകയും ചെയ്‍‍തു. എന്നാല്‍ വീഡിയോ കണ്ടില്ലെന്നായിരുന്നു ദില്ലി പൊലീസിന്‍റെ ഉന്നത ഉദ്യോഗസ്ഥന്‍റെ മറുപടി. തുടര്‍ന്ന് വീഡിയോ ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കപിൽ മിശ്ര പറഞ്ഞതിൻറെ പൂർണ്ണരൂപം കോടതി സോളിസിറ്റര്‍ ജനറലിന് നല്‍കി. വീഡിയോ പരിശോധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. 

'ട്രംപ് പോകുന്നത് വരെ ഞങ്ങൾ സംയമനം പാലിക്കും'; ദില്ലി പൊലീസിന് മുന്നറിയിപ്പുമായി കപിൽ മിശ്ര

ഞായറാഴ്ച ദില്ലിയിലെ മൗജ്പൂര്‍ ചൗക്കില്‍ സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലിയില്‍ ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 'പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നായിരുന്നു കപില്‍ മിശ്രയുടെ പ്രതികരണം.