ഒരു സലൂണിന്റെ റിസപ്ഷനിലെ പൂജാ തളികയിൽ നിന്ന് ഒരാൾ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. റിസപ്ഷനിസ്റ്റിന്റെ ശ്രദ്ധ മാറിയപ്പോൾ നടന്ന ഈ മോഷണത്തിൽ സെക്യൂരിറ്റി ഗാർഡിന്റെ പങ്കിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നു.
ദില്ലി : ഒരു സലൂണിന്റെ റിസപ്ഷൻ കൗണ്ടറിൽ വെച്ച പൂജാ തളികയിൽ നിന്ന് പണം മോഷ്ടിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 'ഘർ കെ കലേഷ്' എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. ഒരു ദശലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോയിൽ, റിസപ്ഷനിസ്റ്റ് മറ്റൊരു വ്യക്തിയുമായി സംസാരിക്കുന്ന തിരക്കിനിടയിൽ, ഒരാൾ പതുക്കെ പണം തളികയിൽ നിന്ന് എടുക്കുന്നതായി കാണാം. പണം ഒരു തുണിയിൽ പൊതിഞ്ഞ ശേഷം അയാൾ തിരിഞ്ഞു നടന്ന് അത് ഒളിപ്പിക്കാൻ ശ്രമിക്കുന്നു. പിന്നീട് ഇരുവരും ആരുടെയും സംശയം ജനിപ്പിക്കാതെ നടന്നുപോകുന്നതും വീഡിയോയിലുണ്ട്.
അതേസമയം, ഇവർക്ക് പിന്നിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡിനും പങ്കുണ്ടോ എന്നാണ് വീഡിയോ കണ്ട പലരും ചൂണ്ടിക്കാട്ടുന്നത്. മോഷണശ്രമം കണ്ടിട്ടും, അയാൾ മോഷണശ്രമം തടയാൻ ശ്രമിക്കാതെ ഗേറ്റിലെ തന്റെ സ്ഥാനത്തേക്ക് തിരികെ പോകുന്നതായാണ് വീഡിയോയിൽ തോന്നുന്നുത്. വീഡിയോക്ക് താഴെയുള്ള കമൻ്റുകളിൽ പലരും സെക്യൂരിറ്റി ഗാർഡിന്റെ നിസ്സംഗതയെ ചോദ്യം ചെയ്യുന്നുണ്ട്. "സെക്യൂരിറ്റി ഗാർഡ് കള്ളനെ കണ്ടുവെന്ന് എനിക്ക തോന്നി, പക്ഷേ അയാൾ ഒന്നും പ്രതികരിച്ചില്ല," എന്ന് ഒരാൾ കമന്റ് ചെയ്തു.
"ഈ കഴിവുകൾ നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ഇതിലും മികച്ച സ്ഥാനത്തായിരുന്നേനെ," എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ചില ഉപയോക്താക്കൾ സംഭവത്തെ "വിശ്വാസത്തോടും വിശ്വസ്തതയോടുമുള്ള വഞ്ചന" എന്ന് വിശേഷിപ്പിച്ചു. ഇത്തരം ചെറിയ മോഷണങ്ങളെക്കുറിച്ചും പൊതുമര്യാദയുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും അഭാവത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കും ഈ വീഡിയോ വഴിതുറന്നു.


