ദില്ലി-ഒഡീഷ പുരുഷോത്തം എക്സ്പ്രസിലെ ഫസ്റ്റ് എസി ക്ലാസിൽ യാത്ര ചെയ്തവരെ ബെഡ് ഷീറ്റുകൾ മോഷ്‌ടിച്ചതിന് കൈയ്യോടെ പിടികൂടി. ഇതിൻ്റെ വീഡിയോ ദൃശ്യം വൈറലായി. അമ്മ അറിയാതെ എടുത്തതാവുമെന്ന് തെറ്റ് ഏറ്റുപറഞ്ഞ് യാത്രക്കാരൻ വിശദീകരിച്ചെങ്കിലും ആരും വിശ്വസിച്ചില്ല

ദില്ലി: ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്ര കൂടുതൽ സുഖകരമാക്കാൻ റെയിൽവെ നൽകിയ ബെഡ്ഷീറ്റുകളും ടവലുകളും യാത്രക്കാരായ കുടുംബം മോഷ്ടിച്ചെന്ന് ആരോപണം. ദില്ലി-ഒഡീഷ പുരുഷോത്തം എക്സ്പ്രസിലാണ് സംഭവം. ഒരു കോച്ച് അസിസ്റ്റൻ്റ് ഇവരെ കൈയ്യോടെ പിടികൂടുന്നതും ബാഗിൽ നിന്ന് കിടക്കവിരിയും ടവലുകളും പുറത്തേക്കെടുക്കുന്നതും ഇവർ തമ്മിലുള്ള സംഭാഷണങ്ങളും ദേബബ്രത സാഹു എന്ന എക്സ്‌ ഹാൻഡിൽ വഴി പുറത്തുവന്നു. റെയിൽവെ ഉയർന്ന നിരക്ക് ഈടാക്കുന്ന എസി കോച്ചിലെ യാത്രക്കാർക്ക് മാത്രമാണ് വിരിയും ടവലുകളും നൽകാറുള്ളതെന്നതിനാൽ. ഇതിൽ തന്നെ ഏറ്റവും ഉയർന്ന നിരക്ക് ഒരു ട്രെയിനിൽ ഈടാക്കുന്നത് ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യാനാണ്.

ദില്ലി-ഒഡീഷ പുരുഷോത്തം എക്സ്പ്രസിലാണ് ഈ സംഭവം നടന്നത്. ലഗേജിൽ നിന്ന് പുറത്തെടുത്ത സാധനങ്ങൾ വീഡിയോയിൽ കാണാം. ട്രെയിനിലെ അറ്റൻഡർ ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട്: "സർ, നോക്കൂ, എല്ലാ ബാഗുകളിൽ നിന്നും ബെഡ്ഷീറ്റുകളും പുതപ്പുകളും പുറത്തുവരുന്നു. ടവലുകൾ, ബെഡ്ഷീറ്റുകൾ, ആകെ നാല് സെറ്റുകൾ. ഒന്നുകിൽ ഇതെല്ലാം തിരികെ നൽകുക. അല്ലെങ്കിൽ 780 രൂപ നൽകുക," അദ്ദേഹം ഒഡിയ ഭാഷയിൽ പറയുന്നു.

തങ്ങൾ ചെയ്തത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ യാത്രക്കാരൻ , അമ്മ അറിയാതെ ഇവ ബാഗിൽ എടുത്ത് വച്ചതാണെന്ന് വിശദീകരിക്കുന്നു. എന്നാൽ ജീവനക്കാർ ഇത് വിശ്വസിക്കുന്നില്ല. ഫസ്റ്റ് ക്ലാസ് എസിയിൽ യാത്ര ചെയ്യുന്ന നിങ്ങളെന്തിനാണ് ഇത് മോഷ്ടിക്കുന്നതെന്നാണ് മറുചോദ്യം. പിന്നീട് ടിടിഇയും വിഷയത്തിൽ ഇടപെടുന്നു. എടുത്ത ബെഡ് ഷീറ്റുകൾക്കും ടവലുകൾക്കും പണം നൽകണമെന്ന് പറഞ്ഞ അദ്ദേഹം ഇല്ലെങ്കിൽ താൻ പരാതി കൊടുക്കുമെന്നും പൊലീസ് വരുമെന്നും കേസെടുക്കുമെന്നും യാത്രക്കാരോട് പറയുന്നു. ഇതിന് ശേഷം എടുത്ത ബെഡ്ഷീറ്റുകളുടെ എണ്ണത്തെ ചൊല്ലി ട്രെയിൻ ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കമുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Scroll to load tweet…