നീതിയുക്തമായ വിചാരണയും മാന്യമായ ജീവിതവും ഉറപ്പാക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത് പരിഗണിക്കാമെന്ന് യുകെയിലുള്ള വ്യവസായി വിജയ് മല്യ.

ലണ്ടൻ: ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കേസുകളിൽ നീതിയുക്തമായ വിചാരണ ഉറപ്പാക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത് പരിഗണിക്കുമെന്ന് യുകെയിലുള്ള വ്യവസായി വിജയ് മല്യ. പോഡ്കാസ്റ്റർ രാജ് ഷമാനിയുമായി നാല് മണിക്കൂർ നീണ്ട അഭിമുഖത്തിലാണ് വിജയ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യ അന്വേഷിക്കുന്ന മല്യ, തനിക്കെതിരായ ആരോപണങ്ങൾ, കിംഗ്ഫിഷർ എയർലൈൻസിന്‍റെ പതനം, ഇന്ത്യയിലേക്കുള്ള മടക്കം എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചു. നീതിയുക്തമായ വിചാരണയും മാന്യമായ ജീവിതവും ഉറപ്പാക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നീതിയുക്തമായ വിചാരണയും മാന്യമായ ജീവിതവും ഉറപ്പാക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത് ഗൗരവമായി ചിന്തിക്കുമെന്ന് വിജയ് മല്യ പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങാത്തതിനാൽ തന്നെ ഒളിച്ചോടിയവൻ, തട്ടിപ്പുകാരൻ എന്നൊക്കെ വിളിക്കുന്നത് ന്യായമാണ് എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ തന്നെ കള്ളൻ എന്ന് വിളിക്കുന്നത് ശരിയല്ല. മോഷണം എവിടെയാണ് നടന്നതെന്നും വിജയ് മല്യ ചോദിച്ചു.

2016 മാർച്ചിന് ശേഷം ഇന്ത്യയിലേക്ക് പോകാത്തതുകൊണ്ട് ഒളിച്ചോടിയവൻ എന്ന് വിളിച്ചോളൂ. പക്ഷേ താൻ ഓടിപ്പോയതല്ല. മുൻകൂട്ടി നിശ്ചയിച്ച യാത്രയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് വിമാനം കയറിയതാണ്. തിരിച്ചുവരാത്തതിന് സാധുവായ കാരണങ്ങളുണ്ട്, അതിനാൽ ഒളിച്ചോടിയവൻ എന്ന് വിളിക്കണമെങ്കിൽ വിളിച്ചോളൂ, പക്ഷെ ഈ കള്ളൻ എന്ന വിളി എവിടെ നിന്ന് വന്നു... മോഷണം എവിടെ നടന്നു എന്നാണ് വിജയ് മല്യയുടെ ചോദ്യം.

പോഡ്കാസ്റ്റിൽ കിംഗ്ഫിഷർ എയർലൈൻസിന്‍റെ പതനത്തെക്കുറിച്ചും വിജയ് മല്യ സംസാരിച്ചു. എയർലൈൻസിനെ രക്ഷിക്കാൻ അതിനെ ചെറുതാക്കാനുള്ള ഒരു പദ്ധതിയുമായി അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജിയെ സമീപിച്ചെന്നും എന്നാൽ തന്‍റെ അഭ്യർത്ഥനയ്ക്ക് എതിർപ്പുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എയർലൈൻസിന്‍റെ മിക്ക പ്രശ്‌നങ്ങൾക്കും കാരണം 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചു. സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളെയും ഇത് ബാധിച്ചു. പണം നിലച്ചു, വരണ്ടുപോയി. ഇന്ത്യൻ രൂപയുടെ മൂല്യവും ഇടിഞ്ഞുവെന്ന് വിജയ് മല്യ പറഞ്ഞു.