Asianet News MalayalamAsianet News Malayalam

കൊടുംകുറ്റവാളി വികാസ് ദുബെയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമെന്ന് വെളിപ്പെടുത്തൽ

കാൺപൂർ മുൻ എസ്എസ്പി ആനന്ദ് ദേവ് തിവാരിക്കെതിരെയാണ് അന്വേഷണത്തിന് കമ്മീഷൻ ശുപാർശ ചെയ്തത്. തിവാരിയും വികാസ് ദുബൈയും തമ്മിലുള്ള സാമ്പത്തിക ഇടപാട് അടക്കം അന്വേഷിക്കണമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. 

Vikas dubey had close connection with UP police officials
Author
Lucknow, First Published Nov 7, 2020, 5:11 PM IST

ലക്നൗ: കുപ്രസിദ്ധ ക്രിമിനൽ വികാസ് ദുബൈ എട്ട് പൊലീസുകാരെ വധിച്ച കേസിൽ വഴിത്തിരിവ്. പൊലീസുകാരുടെ കൊലപാതകത്തിൽ യുപി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകി. കാൺപൂർ മുൻ എസ്എസ്പി ആനന്ദ് ദേവ് തിവാരിക്കെതിരെയാണ് അന്വേഷണത്തിന് കമ്മീഷൻ ശുപാർശ ചെയ്തത്. തിവാരിയും വികാസ് ദുബൈയും തമ്മിലുള്ള സാമ്പത്തിക ഇടപാട് അടക്കം അന്വേഷിക്കണമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. 

ജൂലായ് മൂന്നിന്  കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ  എട്ടു പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ യുപി സ‍ർക്കാർ നിയോഗിച്ച  അന്വേഷണ കമ്മീഷനാണ് എഎസ്പി ആനന്ദ് ദേവ് തിവാരിക്കെതിരെ റിപ്പോർട്ട് നൽകിയത്. 3500 പേജ് വരുന്ന റിപ്പോർട്ടിൽ മുൻ കാൺപൂർ എസ്എസ്പിയും നിലവിൽ ഡിഐജിയുമായ  ആനന്ദ് ദേവ് തിവാരിയും വികാസ് ദുബൈയും തമ്മിൽ വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് പരാമർശിക്കുന്നു.

വികാസ് ദുബൈയുടെ വീട്ടിൽ റെയ്ഡ് നടത്താൻ തീരുമാനിച്ച ദിവസം ഇതിന് നേത്യത്വം നൽകിയ പൊലീസുകാരൻ ദേവന്ദ്രർ മിശ്രയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ചൗഭേപ്പൂർ എസ്എച്ച്ഒ വിനയ് തിവാരി, എസ്എസ്പി ആനന്ദ് ദേവ് തിവാരി എന്നിവർക്കെതിരെയുള്ള തെളിവുകൾ കണ്ടെത്തിയ കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ദേവന്ദ്രർ മിശ്ര ആക്രമണത്തിൽ കൊല്ലപ്പെട്ടു.  

ദുബൈയുടെ വീട്ടിൽ റെയ്ഡ് നടത്താൻ എത്തിയ പൊലീസ് സംഘത്തെ ദുബൈയുടെ കൂട്ടാളികൾ ആക്രമിക്കുകയായിരുന്നു. ഈ ഫോൺ സംഭാഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് ദേവ് തിവാരിക്കെതിരെ നിരവധി തെളിവുകൾ കമ്മീഷന് കിട്ടിയത്. കൂടാതെ ദുബൈയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാർ ഉൾപ്പെടെ 75 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും കമ്മീഷൻ ശുപാ‌ർശ ചെയ്തു. 

പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ മധ്യപ്രദേശിൽ നിന്ന് പിടികൂടിയ വികാസ് ദുബൈയെ കാൺപൂരിലേക്ക് കൊണ്ടുവരുന്ന വഴി കൊല്ലപ്പെട്ടിരുന്നു. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ വെടിവച്ചെന്നാണ് പൊലീസ് ഭാഷ്യം. 

Follow Us:
Download App:
  • android
  • ios