തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നത്.
ദില്ലി: ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദം കാരണം എന്നും ആരോപണമുണ്ട്. ജ്യോതി ശർമ മലയാളി കന്യാസ്ത്രീകളെ പോലീസിന് മുന്നിൽ ചോദ്യം ചെയ്യുന്നതും അടിക്കാനോങ്ങുന്നതിൻ്റെയും ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ജ്യോതി ശർമയുടെ നേതൃത്വത്തിൽ ആണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്ന് കന്യാസ്ത്രീകളുടെ സഹപ്രവർത്തക ഇന്നലെ പറഞ്ഞിരുന്നു.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകണം എന്നാവശ്യപ്പെട്ട് ഇന്ന് കോടതിയിൽ സഭാ നേതൃത്വം അപേക്ഷ നൽകും. ദുർഗിലെ കോടതിയിൽ ആണ് അപേക്ഷ നൽകുക. വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ചു ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അതേസമയം കന്യാസ്ത്രീകൾ ജോലിക്കായി കൊണ്ടുവന്ന മൂന്ന് പെൺകുട്ടികളിൽ ഒരാൾ ഭീഷണിപെടുത്തിയതിനെ തുടർന്ന് മൊഴി മാറ്റി എന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവർത്തക പറഞ്ഞു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കോടതിയിൽ ഛത്തീസ്ഗഡ് സർക്കാരും പോലീസും കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്.


