മഹാരാഷ്ട്രയിലെ പൂനെയിൽ മുത്തശ്ശിയുടെ ആഭരണങ്ങൾ തട്ടിപ്പറിക്കാനെത്തിയ കവര്‍ച്ചക്കാരനെ നേരിടുന്ന പത്ത് വയസുകാരിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു.

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മുത്തശ്ശിയുടെ ആഭരണങ്ങൾ തട്ടിപ്പറിക്കാനെത്തിയ കവര്‍ച്ചക്കാരനെ നേരിടുന്ന പത്ത് വയസുകാരിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പെൺകുട്ടിയുടെ ധീരത പുറംലോകം അറിയുന്നത്. 

മോഡൽ കോളനിയിലേക്ക് വീട്ടിലേക്ക് നടക്കുകയായിരുന്നു 60-കാരിയായ മുത്തശ്ശി ലത ഘാങ്. റോഡരികിലെ നടപ്പാതയിലൂടെ നടക്കാൻ കൊച്ചുമകളും കൂടെയുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് സ്കൂട്ടറിൽ എത്തിയ യുവാവ് വളരെ സാധാരണമായ രീതിയിൽ അടുത്തു നിര്‍ത്തി വഴി ചോദിക്കുന്നത്. വഴി പറയാൻ തുടങ്ങിയ ലതയുടെ കഴുത്തിൽ നിന്ന് അപ്രതീക്ഷിതമായി മാല പൊട്ടിച്ചെടുക്കാൻ മോഷ്ടാവ് ശ്രമിച്ചു.

Read more:  ബുള്ളറ്റിൽ കറങ്ങി നടന്ന് 'റൊമാൻസ്', വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ, കപ്പിൾസിനെ തേടി പൊലീസ്

അപ്പോൾ തന്നെ പ്രതികരിച്ച മുത്തശ്ശി ലത ഘാങ്ങിന് പിന്നാലെ പത്തുവയസുകാരിയായ രുത്വി ഘാങ്ങും കള്ളനെ ആക്രമിക്കാൻ തുടങ്ങി. കയ്യിലുണ്ടായിരുന്ന സാധനങ്ങളടങ്ങിയ കവറുകൊണ്ട് രുത്വി കള്ളനെ തുടര്‍ച്ചയായി അടിച്ചുകൊണ്ടിരുന്നു. ഇതോടെ പിടിച്ചുനിൽക്കാനാകാതെ രക്ഷപ്പെടുകയായിരുന്നു. പെട്ടെന്നു തന്നെ കള്ളൻ അതിവേഗം സ്കൂട്ടര്‍ ഓടിച്ച് പോവുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

YouTube video player

അതേസമയം, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നതിനൊപ്പം മാല പിടിച്ചുപറിയും തൊഴിലാക്കിയ ഒരു എച്ച് ആര്‍ മാനേജറെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഒരു സംശയവുമില്ലാതെ പണിപറ്റിച്ച ഇയാൾ, പൊലീസ് പിടികൂടിയതോടെ താനാണ് ഈ മോഷണങ്ങളെല്ലാം നടത്തിയത് എന്ന് തുറന്ന് പറഞ്ഞു. മാത്രമല്ല, അഭിഷേക് എന്നയാളാണ് പിടിയിലായത്. ആഡംബര ജീവിതം നയിക്കാനായിരുന്നു മാല പൊട്ടിക്കാനിറങ്ങിയത് എന്നും അഭിഷേക് സമ്മതിച്ചു.

ഇയാൾ പറയുന്നത് അനുസരിച്ച് ഇയാൾക്ക് വർക്ക് ഫ്രം ഹോം ആയിരുന്നു. അതിനാൽ തന്നെ ബൈക്കുമെടുത്ത് ചുറ്റാൻ ഇഷ്ടം പോലെ സമയവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഇയാൾ മാല പൊട്ടിക്കാൻ ഇറങ്ങിയത്. സോനു വർമ എന്നൊരു ജ്വല്ലറി ഉടമയ്ക്കായിരുന്നു ഇയാൾ പിന്നീട് മോഷ്ടിക്കുന്ന സ്വർണമെല്ലാം വിറ്റിരുന്നത്.