അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ, അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ്, ഇംഗ്ലണ്ടിൽ തന്റെ ജീവിതം തിരികെ പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്
അഹമ്മദാബാദ്: ലോകം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും ഇംഗ്ലണ്ടിലെ വീട്ടിൽ അപകടത്തിന് മുൻപത്തെ ജീവിതം തിരികെ പിടിക്കാനായി തീവ്ര പരിശ്രമത്തിലാണ് ഒരാൾ. അപകടത്തിൽപെട്ട വിമാനത്തിലെ 11A സീറ്റിലെ യാത്രക്കാരനും അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തിയുമായ വിശ്വാസ്. തനിക്കൊരിക്കലും ജീവിതത്തിൽ ഇനി പൂർണമായ മനസമാധാനം അനുഭവിക്കാൻ സാധിക്കില്ലെന്നും നഷ്ടപ്പെട്ടതും കടന്നുവന്നതുമായ ഭീകരതയിലൂടെ ഓരോ ദിവസവും ജീവിക്കേണ്ടി വരുമെന്നും വിശ്വാസ് കുമാർ രമേഷ് പറയുന്നു. കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പറന്നുയർന്ന ഉടൻ തകർന്നുവീണ എയർ ഇന്ത്യയുടെ AI 171 (Boeing 787-8 Dreamliner) വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 242 പേരിൽ സാരമായ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ട ഒരേയൊരു വ്യക്തി വിശ്വാസ് മാത്രമാണ്.
ദാമൻ ദിയു സ്വദേശിയായ വിശ്വാസ് യുകെ പൗരനാണ്. അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം വിമാനം ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയും മൂന്ന് കഷണങ്ങളായി പിളരുകയുമായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ വിമാനത്തിന് പുറത്തേക്ക് തെറിച്ചുവീണ വിശ്വാസിനെ പരിക്കുകളോടെ രക്ഷാപ്രവർത്തകർ സിവിൽ ആശുപത്രിയിൽ എത്തിച്ചു. വിമാനത്തിൽ വിശ്വാസിന് തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്ന അനുജൻ അജയ് (35) ഉൾപ്പെടെ 260 പേരാണ് ആ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. മരിച്ച 19 പേർ ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് ഉണ്ടായിരുന്നത്.
അപകടത്തിൻ്റെ കൃത്യമായ കാരണം വ്യക്തമാക്കുന്ന അന്തിമ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് താനെന്ന് വിശ്വാസ് ദി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാനും ഇനി ഇങ്ങനെയൊരു ദുരന്തം ആവർത്തിക്കാതിരിക്കാനും ആ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ മാനസികവും ശാരീരികവുമായ തകർച്ചയിൽ കൂടെനിന്ന കുടുംബത്തിനും തന്റെ ഉപദേശകനും മോട്ടിവേഷണൽ സ്പീക്കറുമായ സഞ്ജീവ് പട്ടേലിനും വിശ്വാസ് നന്ദി പറയുന്നു. ബി.എ.പി.എസ് സ്വാമിനാരായൺ സംസ്ഥയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഞ്ജീവ് പട്ടേലാണ് അപകടത്തിന് ശേഷം തകർന്നുപോയ വിശ്വാസിന്റെ കുടുംബത്തിന് താങ്ങായി നിന്നത്. നിലവിൽ യുകെയിലെ ലെസ്റ്ററിൽ ഭാര്യ ഹിരൽ, അഞ്ചുവയസ്സുകാരനായ മകൻ ദിവാങ്, മാതാപിതാക്കൾക്കുമൊപ്പമാണ് വിശ്വാസ് താമസിക്കുന്നത്. വിശ്വാസിന്റെ ചികിത്സാച്ചെലവുകൾ വഹിക്കുന്നത് എയർ ഇന്ത്യയാണ്. തങ്ങൾക്ക് ലഭിച്ച ഇടക്കാല നഷ്ടപരിഹാരത്തിന് പുറമെ, വിശ്വാസിന്റെ തകർന്ന ജീവിതവും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന തരത്തിലുള്ള ന്യായമായ അന്തിമ നഷ്ടപരിഹാരം എയർ ഇന്ത്യയിൽ നിന്ന് ലഭിക്കുമെന്നാണ് വിശ്വാസിൻ്റെയും കുടുംബത്തിൻ്റെയും പ്രതീക്ഷ.


