റഷ്യയുമായുള്ള വ്യപാര ബന്ധം ശക്തിപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. ഇന്ന് ചൈനയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അതിർത്തി തർക്കം പരിഹരിക്കാനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി നാളെ കൂടിക്കാഴ്ച നടത്തും.

ദില്ലി: റഷ്യയുമായുള്ള വ്യപാര ബന്ധം ശക്തിപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദിയെ കാണുമെന്നും പുടിൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. ഇന്ന് ചൈനയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അതിർത്തി തർക്കം പരിഹരിക്കാനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി നാളെ കൂടിക്കാഴ്ച നടത്തും.

അടുത്ത മാസം 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ നടക്കുന്നത്. ഇരുപതോളം രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കും എന്ന സൂചനയുണ്ട്. ഇതിന് മുന്നോടിയായി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലും എത്തിയത്. റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ എസ് ജയശങ്കറെ കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പുകഴ്ത്തിയ പുടിൻ ഇന്ത്യയ്ക്ക് കൂടുതൽ രാസവളം നൽകുമെന്ന് അറിയിച്ചു. കിർഗിസ്ഥാനിൽ ഈ മാസം 31ന് തുടങ്ങുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദിയെ പ്രത്യേകം കാണുമെന്ന് പുടിൻ അറിയിച്ചു. ഇക്കൊല്ലം വീണ്ടും മോദിയെ കണ്ടേക്കുമെന്ന് കൂടി വ്യക്തമാക്കിയ പുടിൻ ബ്രിക്സ് ഉച്ചകോടിക്ക് എത്താനുള്ള സാധ്യതയും സൂചിപ്പിച്ചു.

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായാണ് അജിത് ഡോവൽ ചൈനയിൽ എത്തിയത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയാണ് ചൈനീസ് സംഘത്തെ നയിക്കുന്നത്. ഷി ജിൻപിങ്ങ് ഇന്ത്യയിൽ എത്തുകയാണെങ്കിൽ ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യത്തെ സംന്ദർശനമായിരിക്കും. വ്ലാദിമിർ പുട്ടിനും ഇതേസമയം ദില്ലിയിൽ ഉണ്ടെങ്കിൽ നരേന്ദ്ര മോദിക്കും പുട്ടിനും ഷി ജിൻപിങിനും ഇടയിലുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. യു എ ഇ പ്രസിഡന്റും ഇറാൻ പ്രസിഡന്റും ബ്രിക്സ് ഉച്ചക്കോടിക്ക് വരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഈ പ്രമുഖ നേതാക്കളെല്ലാം ദില്ലിയിൽ എത്തുകയാണെങ്കിൽ ഉച്ചക്കോടിക്കിടെയുള്ള ചർച്ചകൾ പ്രധാനമാകും.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News