സങ്കുചിത താത്പര്യങ്ങൾ മാറ്റിവെച്ച് കെസിബിസി നിലപാടിനെ പിന്തുണക്കണമെന്ന് മന്ത്രിമാരായ കിരൺ റിജിജു നിർമ്മല സീതാരാമൻ എന്നിവർ പറഞ്ഞു. 

ദില്ലി: വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്ന കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്ത് കേന്ദ്രസർക്കാർ. സങ്കുചിത താത്പര്യങ്ങൾ മാറ്റിവെച്ച് കെസിബിസി നിലപാടിനെ പിന്തുണക്കണമെന്ന് കിരൺ റിജിജു പറഞ്ഞു. രാഷ്ട്രീയം മാറ്റി വെച്ച് എല്ലാ എംപിമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. വഖഫിലെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെയാണ് കെസിബിസി എന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 

 പ്രത്യേകിച്ച് മുനമ്പം വിഷയം ചൂണ്ടിക്കാട്ടിയാണ് കെസിബിസി ഇത്തരത്തിലൊരു പിന്തുണ വേണമെന്ന് കേരളത്തിലെ എംപിമാരോട് പറഞ്ഞത്. അടുത്ത നാലാം തീയതി പാർലമെന്റ് സെഷൻ അവസാനിക്കുകയാണ്. അതിനുള്ളിൽ തന്നെ വഖഫ് നിയമ ഭേദ​ഗതി ബിൽ പാസാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പ്രതിഷേധവുമായി ഈ നീക്കത്തെ പാർലമെന്റിൽ എതിരിടാനിരിക്കെയാണ് ഇത്തരത്തിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി കൊണ്ട് ഇത്തരത്തിലൊരു നിലപാടിലേക്ക് കെസിബിസി പോയത്. 

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തിലെ എംപിമാര്‍ വോട്ടു ചെയ്യണമെന്നാണ് കേരള കത്തോലിക്ക മെത്രാന്‍ സമിതി പറഞ്ഞത്. മുനമ്പത്തെ ഭൂപ്രശ്നത്തിന്‍റെ പശ്ചാത്തലത്തിലാണ് വഖഫ് ഭേദഗതിക്ക് അനുകൂലമായി കേരള എംപിമാര്‍ വോട്ടു ചെയ്യണമെന്ന ആവശ്യം കെസിബിസി മുന്നോട്ടു വച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ വഖഫ് നിയമ ഭേദഗതിക്ക് അനുകൂലമായ നിലപാട് പാര്‍ലമെന്‍റില്‍ സ്വീകരിക്കുക ദുഷ്കരമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. ബില്ലിനെ എതിര്‍ക്കാനുളള തീരുമാനവുമായി മുന്നോട്ടു പോകാനാണ് സംഘടനയിലെ നിലവിലെ ധാരണ.

'വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം'; KCBC നിലപാട് സ്വാഗതം ചെയ്‌ത്‌ കേന്ദ്ര സർക്കാർ