ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിക്കുന്ന മുഖ്യവേദിയായ ഷഹീന്‍ബാഗ് ദില്ലിയില്‍ ഉണ്ടാകില്ലെന്നും ഫെബ്രുവരി എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ ഫലം പ്രഖ്യാപിക്കുന്ന 11-ാം തീയതി വൈകുന്നേരത്തോടെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

'മാലിന്യമുക്തമായ ദില്ലി നമുക്ക് വേണം. എല്ലാ വീടുകളിലും ശുദ്ധജലവും 24 മണിക്കൂറും വൈദ്യുതിയും ലഭ്യമാകണം. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണം, ചേരികളോ അനധികൃത കോളനികളോ ഉണ്ടാവാന്‍ പാടില്ല, ദ്രുത ഗതാഗത സംവിധാനം വേണം, ലോകോത്തര നിലവാരമുള്ള റോഡുകളും സൈക്കിള്‍ ട്രാക്കുകളും വേണം, ഗതാഗത കുരുക്കുകള്‍ പാടില്ല,  ഒപ്പം ഷഹീന്‍ബാഗും പാടില്ല. അങ്ങനെയൊരു ദില്ലിയാണ് ഞങ്ങള്‍ക്ക് വേണ്ടത്'- അമിത് ഷാ പറ‍ഞ്ഞു. ബിജെപി സോഷ്യല്‍ മീഡിയ വോളന്‍റീയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Read More: 'കേജ്‌രിവാളിനൊപ്പമുള്ളത് ജെഎൻയുക്കാർ മാത്രം, ജയം അർജ്ജുനന്': ദില്ലി തെരഞ്ഞെടുപ്പിനെക്കുറിച്ച് അമിത് ഷാ

അരവിന്ദ് കെജ്‍‍രിവാളിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച അമിത് ഷാ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന കെജ്‍രിവാളിന്‍റെ നിലപാട് ലജ്ജാകരമാണെന്നും വാരണാസിയിലും പ‍ഞ്ചാബിലും പരാജയപ്പെട്ടത് പോലെ ഇത്തവണ ദില്ലിയിലും പരാജയപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.