ഐപിഎസ് ഉദ്യോഗസ്ഥയും ബുലന്ദ്ഷെഹറിലെ അഡീഷണല്‍ എസ്‍പിയുമായ അനുകൃതി ശര്‍മ്മയാണ് ട്വിറ്ററിലൂടെ നൂര്‍ജഹാന്‍റെ സന്തോഷം പങ്കുവെച്ചത്. പൊലീസിന്‍റെ പരിശ്രമങ്ങളാണ് നൂര്‍ജഹാന്‍റെ വീട്ടിൽ വൈദ്യുതി എത്തിച്ചത്.

ലഖ്നോ: എഴുപത് വയസുകാരിയായ നൂര്‍ജഹാന്‍റെ ആ ചിരി... ആരുടെയും മനസ് നിറയ്ക്കും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം തന്‍റെ വീട്ടിലേക്ക് വൈദ്യുതി എത്തിയപ്പോള്‍ നൂര്‍ജഹാൻ ഒരു കൊച്ച് കുട്ടിയെ പോലെ സന്തോഷം കൊണ്ട് ചിരിമഴ പെയ്യിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയും ബുലന്ദ്ഷെഹറിലെ അഡീഷണല്‍ എസ്‍പിയുമായ അനുകൃതി ശര്‍മ്മയാണ് ട്വിറ്ററിലൂടെ നൂര്‍ജഹാന്‍റെ സന്തോഷം പങ്കുവെച്ചത്. പൊലീസിന്‍റെ പരിശ്രമങ്ങളാണ് നൂര്‍ജഹാന്‍റെ വീട്ടിൽ വൈദ്യുതി എത്തിച്ചത്.

ഇതിന്‍റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു അനുകൃതി ശര്‍മ്മ. വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ കിട്ടിയപ്പോള്‍ അക്ഷരാർത്ഥത്തിൽ അവരുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവന്നത് പോലെ തോന്നിയതെന്ന് അനുകൃതി ട്വിറ്ററില്‍ കുറിച്ചു. അവരുടെ മുഖത്തെ പുഞ്ചിരി അത്യധികം സംതൃപ്തി നൽകുന്നു. എസ്എച്ച്ഒ ജിതേന്ദ്ര ജിക്കും മുഴുവൻ ടീമിനും എല്ലാ പിന്തുണയ്ക്കും നന്ദിയെന്നും അനുകൃതി കൂട്ടിച്ചേർത്തു.

Scroll to load tweet…

വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ ലഭിച്ച് ബള്‍ബ് കത്തുമ്പോള്‍ അതിനേക്കാള്‍ പ്രകാശം നൂര്‍ജഹാന്‍റെ ചിരിക്ക് തന്നെയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും നൂർജഹാനും പരസ്പരം മധുരപലഹാരങ്ങൾ നൽകിയാണ് വൈദ്യുതി കണക്ഷൻ ലഭിച്ചത് ആഘോഷിച്ചത്. സാമ്പത്തികമായ വളരെ കഷ്ടപ്പെടുകയും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്യുന്ന നൂര്‍ജഹാൻ വൈദ്യുതി കണക്ഷൻ അഭ്യര്‍ത്ഥിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പൊലീസ് ഫണ്ടിൽ നിന്ന് തന്നെ ഫാനും ബൾബും വാങ്ങി നല്‍കുകയും ചെയ്തു.

ജനങ്ങളും സേനയും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇങ്ങനെയുള്ള ഇടപെടലുകള്‍ നടത്തുന്നതെന്ന് അനുകൃതി ശര്‍മ്മ പറഞ്ഞു. വീട്ടില്‍ ഇതുവരെ കറണ്ട് ഇല്ലെന്ന് നൂര്‍ജഹാൻ വന്ന് പറഞ്ഞു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. മകളുടെ കല്യാണം കഴിഞ്ഞത് മുതൽ ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് വൈദ്യുതി വിതരണ വകുപ്പുമായി ഏകോപിപ്പിച്ച് നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിവർഷം 1.5 കോടി രൂപ വരെ ശമ്പളം നൽകാൻ തയാ‍ർ, ക്യൂ നിന്ന് കമ്പനികൾ; ചാറ്റ് ജിപിടി വിദഗ്ധർക്ക് അനന്ത സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player