തന്‍റെ പ്രണയത്തെ കുറിച്ച് പിതാവായ ലാലു പ്രസാദ് യാദവിനെ അറിയിച്ചപ്പോഴുണ്ടായ കാര്യങ്ങളും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്.

പാറ്റ്ന: തന്‍റെ പ്രണയം പിതാവായ ലാലു പ്രസാദ് യാദവിനെ അറിയിച്ചപ്പോഴുണ്ടായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ്. ബിഹാര്‍ മന്ത്രിസഭയിലെ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം എന്‍ഡിടിവിക്ക് നല്‍കി അഭിമുഖത്തിലാണ് തേജ്വസി മനസ് തുറന്നത്. തന്‍റെ ഭാര്യയായ റേച്ചല്‍ ഗൊഡിന്‍ഹോയെ (രാജശ്രീ യാദവ്) കുറിച്ച് അദ്ദേഹം വാചാലനായി. കഴിഞ്ഞ വര്‍ഷം അവസാനം റേച്ചലിനെ വിവാഹം ചെയ്യുന്നതിന് തന്‍റെ കുടുംബം പൂര്‍ണ പിന്തുണയാണ് നല്‍കിയത്.

വിവാഹത്തിൽ, പങ്കാളിത്തവും ധാരണയുമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെന്ന് തേജ്വസി പറഞ്ഞു. തന്‍റെ പ്രണയത്തെ കുറിച്ച് പിതാവായ ലാലു പ്രസാദ് യാദവിനെ അറിയിച്ചപ്പോഴുണ്ടായ കാര്യങ്ങളും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഒരു പെണ്‍കുട്ടിയുമായി ഡേറ്റിംഗിലാണ്. തനിക്ക് അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ അവള്‍ ഒരു ക്രിസ്ത്യന്‍ ആണെന്നാണ് പിതാവിനോട് താന്‍ പറഞ്ഞത്. അത് ഓകെയാണ്, ഒരു പ്രശ്നവുമില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് തേജ്വസി പറഞ്ഞു.

പ്രധാനമന്ത്രി ആകാനില്ലെന്ന് നിതീഷ് കുമാർ; നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ബിഹാർ മുഖ്യമന്ത്രി

ബിഹാറിലെ ജാതി സങ്കീർണ്ണതകളെ പരാമര്‍ശിക്കുമ്പോള്‍ ലാലു ജിയെ കുറിച്ച് ആളുകള്‍ ഇത് കൂടെ അറിയണം. തന്‍റെ സഹോദരിമാര്‍ എല്ലാവരും അറേഞ്ചഡ് മാരേജ് ചെയ്തവരാണ്, പക്ഷേ ഒരിക്കലും നിര്‍ബന്ധിച്ചുള്ള വിവാഹങ്ങളായിരുന്നില്ല അത്. തന്‍റെ പിതാവ് ഒരുപാട് കാര്യങ്ങളില്‍ വളരെ പുരോഗമനമായി ചിന്തിക്കുന്നയാളാണ്. സഹോദരിമാര്‍ക്ക് വരനെ ഇഷ്ടം ആയില്ലെങ്കില്‍ നിരസിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നു.

അച്ഛനെ കുറിച്ചും കുടുംബത്തെ കുറിച്ചും ബിഹാറിനെ കുറിച്ചും ഒരു ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍, കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. തന്‍റെ സഹോദരിമാര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയ അച്ഛനാണ് അദ്ദേഹമെന്നും തേജ്വസി പറഞ്ഞു. പിന്നെ എന്ത് കൊണ്ട് റേച്ചല്‍, രാജശ്രീ ആയത് എന്ന ചോദ്യത്തിനും തേജ്വസി യാദവ് മറുപടി പറഞ്ഞു. അത് റേച്ചലിന്‍റെ ഇഷ്ടമായിരുന്നു. ബിഹാറിലെ ആളുകള്‍ക്ക് ഉച്ചരിക്കാന്‍ എളുപ്പമുള്ള പേര് തെരഞ്ഞെടുക്കുകയായിരുന്നു. അച്ഛനാണ് പേര് നിര്‍ദേശിച്ചതെന്നും തേജ്വസി യാദവ് പറഞ്ഞു.

അതേസമയം, ഇന്നലെയാണ് ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ അധികാരമേറ്റത്. നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി അടിച്ചമർത്താൻ ശ്രമിച്ചെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിതീഷ് കുമാർ പറ‌ഞ്ഞു. ബിഹാർ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് മുൻ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായി റാബറി ദേവി പ്രതികരിച്ചു.