മമതാ ബാനർജിയുടെ ഭവാനിപൂർ സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസ് ശക്തമായ നീക്കം നടത്തിയിരിക്കുകയാണ്. ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

പശ്ചിമ ബംഗാൾ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശക്തി കേന്ദ്രമായ ഭവാനിപൂര്‍ മണ്ഡലവുമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായത്. ആദ്യ ലിസ്റ്റിൽ തന്നെ വലിയ രാഷ്ട്രീയ സന്ദേശം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്. ആകെ 294 സീറ്റുകളിൽ 284 ഇടത്തും സ്ഥാനാർത്ഥികളെ ഒരുമിച്ച് പ്രഖ്യാപിച്ചതോടെ, ഇത്തവണ ഒരു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറല്ലെന്ന് വ്യക്തമായി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായിക്കഴിഞ്ഞു. 

മമതാ ബാനർജിക്കെതിരെ പ്രമുഖൻ

മമതാ ബാനർജിയുടെ കോട്ടയായ ഭവാനിപൂരിൽ കോൺഗ്രസ് സൗത്ത് കൊൽക്കത്ത ജില്ലാ അദ്ധ്യക്ഷനായ പ്രദീപ് പ്രസാദിനെ മത്സരിപ്പിക്കുന്നു എന്നതാണ് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. മമതയുടെ ഉറച്ച സീറ്റായാണ് ഭവാനിപൂർ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയത് മമതയോടുള്ള കോൺഗ്രസിന്റെ നേരിട്ടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയും ഇവിടെ മത്സരിക്കുന്നുണ്ട്. 2021ൽ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് സുവേന്ദു ഭവാനിപൂരില്‍ മത്സരത്തിനിറങ്ങുന്നത്. കോൺഗ്രസും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതോടെ ഭവാനിപൂരിൽ ഇക്കുറി പോര് കടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 

അധിർ രഞ്ജൻ ചൗധരിയും കളത്തിൽ

കോൺഗ്രസിന്റെ മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരിയും ഇത്തവണ മത്സരരംഗത്തുണ്ട്. അദ്ദേഹം ബഹ്റാംപൂർ സീറ്റിൽ നിന്നാണ് ജനവിധി തേടുന്നത്. പാർട്ടിയിലെ അനുഭവ സമ്പന്നനായ മുഖമാണ് അദ്ദേഹം. ചൗധരിയുടെ വരവോടെ, ഇത്തവണ ശക്തമായ പോരാട്ടത്തിന് തയ്യാറാണെന്ന വ്യക്തമായ സൂചനയാണ് കോൺഗ്രസ് നൽകുന്നത്.

മറ്റു പ്രമുഖ സ്ഥാനാർത്ഥികൾ

മറ്റു പല പ്രധാന സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡാർജിലിംഗിൽ നിന്ന് മാധവ് റായ്, സുജാപൂരിൽ നിന്ന് അബ്ദുൾ ഹന്നാൻ, ദം ദമിൽ നിന്ന് സുസ്മിത ബിശ്വാസ്, ഡയമണ്ട് ഹാർബറിൽ നിന്ന് ഗൗതം ഭട്ടാചാര്യ, അസൻസോൾ സൗത്തിൽ നിന്ന് സൗവിക് മുഖർജി, അസൻസോൾ നോർത്തിൽ നിന്ന് പ്രസൻജിത് പുയിതാണ്ടി എന്നിവർ മത്സരിക്കും. മുൻ എംപി മൗസം നൂർ മാൽതിപൂർ സീറ്റിൽ നിന്നും ജനവിധി തേടും.

ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം

ഇത്തവണ പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഈ തന്ത്രം പാർട്ടിക്ക് ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. ഏതാനും സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞാൽ പോലും അത് കോൺഗ്രസിന് വലിയൊരു തിരിച്ചുവരവിന് തുടക്കമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ദില്ലിയിൽ നിർണായക യോഗം

സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് മുമ്പ് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ദില്ലിയിൽ നിർണായക യോഗം ചേർന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. കൂടാതെ കെ.സി. വേണുഗോപാൽ, അംബികാ സോണി, സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഭാഗമായി.

കോൺഗ്രസിന് തിരിച്ചുവരാൻ കഴിയുമോ?

ഈ തന്ത്രം ഉപയോഗിച്ച് ബംഗാളിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. മമതാ ബാനർജിയുടെ ശക്തമായ ജനപിന്തുണയും പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളും നിലനിൽക്കെ കോൺഗ്രസിന്റെ വഴി അത്ര എളുപ്പമായിരിക്കില്ല. എന്നാൽ പ്രമുഖരെ കളത്തിലിറക്കി, ഇത്തവണ വെറും പങ്കാളിത്തത്തിനല്ല, മറിച്ച് ശക്തമായ മത്സരത്തിനാണ് വരുന്നതെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.