അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുറന്നുകാട്ടുക, കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുക എന്നീ രണ്ട് വിഷയങ്ങളാണ് യാത്രയില്‍ ബിജെപി മുന്നോട്ടുവെക്കുന്നത്

ബസ്‌‌തര്‍: വര്‍ഷാവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്‌ഗഡില്‍ ബിജെപിയുടെ വമ്പന്‍ ഇലക്ഷന്‍ ക്യാംപയിന് ഇന്ന് തുടക്കം. 'പരിവര്‍ത്തന്‍ യാത്ര' എന്ന് പേരിട്ടിരിക്കുന്ന ക്യാംപയിന്‍ ബസ്‌തറിലെ ദന്തേവാഡയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. റാലിയുടെ ഭാഗമായുള്ള പൊതുയോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്‌ത് സംസാരിക്കും. ദന്തേവാഡ നക്‌സല്‍ ശക്ത മേഖലയായതിനാല്‍ കനത്ത സുരക്ഷയാണ് പരിപാടിക്ക് ഒരുക്കിയിരിക്കുന്നത്. പരിവര്‍ത്തന്‍ യാത്രയിലുടനീളം കനത്ത സുരക്ഷ ഒരുക്കും. സെപ്റ്റംബര്‍ 15ന് യാത്രയുടെ രണ്ടാംഘട്ടം ആരംഭിക്കും. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുറന്നുകാട്ടുക, കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുക എന്നീ രണ്ട് വിഷയങ്ങളാണ് യാത്രയില്‍ ബിജെപി മുന്നോട്ടുവെക്കുന്നത്.

പതിനാറ് ദിവസം നീണ്ടുനില്‍ക്കുന്ന ഒന്നാം പരിവര്‍ത്തന്‍ യാത്ര 21 ജില്ലകളിലായി 1728 കിലോമീറ്റര്‍ ദൂരം താണ്ടും. സെപ്റ്റംബര്‍ 28ന് ബിലാസ്‌പുരിലാണ് യാത്ര അവസാനിക്കുക. ആദ്യഘട്ട പരിവര്‍ത്തന്‍ യാത്രയില്‍ 45 പൊതുയോഗങ്ങളും 32 റോഡ്‌സൈഡ് മീറ്റിംഗുകളും അഞ്ച് റോഡ് ഷോകളുമാണ് ബിജെപി പദ്ധതിയിടുന്നത്. രണ്ടാമത്തെ പരിവര്‍ത്തന്‍ യാത്രയ്‌ക്ക് വടക്കന്‍ ഛത്തീസ്‌ഗഡിലെ ജോഷ്‌പുരില്‍ സെപ്റ്റംബര്‍ 15ന് തുടക്കമാകും. ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദയാണ് ഇത് ഉദ്ഘാടനം ചെയ്യുക. രണ്ടാം യാത്ര 13 ദിവസം കൊണ്ട് 1261 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സെപ്റ്റംബര്‍ 28ന് ബിലാസ്‌പുരിലെത്തിച്ചേരും. 90 നിയമസഭാ മണ്ഡലങ്ങളില്‍ 87 എണ്ണങ്ങളിലായി ആകെ 2989 കിലോമീറ്റര്‍ ദൂരം പരിവര്‍ത്തന്‍ യാത്രയിലൂടെ പിന്നിടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള ബിജാപൂര്‍, സുഖ്‌മ, അന്‍റഗഡ് എന്നിവിടങ്ങളെ യാത്രയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലുമായി ആകെമൊത്തം 84 പൊതുയോഗങ്ങളും ഏഴ് റോഡ് ഷോകളുമടക്കം വമ്പന്‍ പദ്ധതികളാണ് യാത്രയില്‍ ബിജെപി വിഭാവനം ചെയ്‌തിരിക്കുന്നത്. 

പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്‌ഗഡില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരു വര്‍ഷമായി തയ്യാറെടുപ്പിലാണ് എന്നാണ് ബിജെപിയുടെ അവകാശവാദം. അഴിമതിയില്‍ മുങ്ങിയ ഭൂപേഷ് ഭാഗേലിന്‍റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുറന്നുകാട്ടുക, കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ഛത്തീസ്‌ഗഡിലെ പരിവര്‍ത്തന്‍ യാത്രയില്‍ ബിജെപി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങള്‍. ഛത്തീസ്‌ഗഡിന് പുറമെ മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും മിസോറമിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷാവസാനം വരാനുണ്ട്. തെരഞ്ഞെടുപ്പ് തിയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

Read more: ഇന്ത്യാ മുന്നണി ദുര്‍ബലമോ? 10 പാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ ആളില്ല, രണ്ടക്കമുള്ളത് നാലേ നാല് കൂട്ടര്‍ക്ക്