Asianet News MalayalamAsianet News Malayalam

'അവർക്ക് കശ്മീരിന്‍റെ ഭൂമി മതി, കശ്മീരികളെ വേണ്ട', തുറന്നടിച്ച് പുൽവാമയിലെ പെൺകുട്ടികൾ

''നുണയാണ് എല്ലാവരും പറയുന്നത്. ഇവിടെ ഒരു ശാന്തതയുമില്ല. എല്ലാം തുറന്നു പറ‍ഞ്ഞാൽ ഞങ്ങൾ നാളെ ബാക്കിയുണ്ടാകുമോ എന്നറിയില്ല'', പുൽവാമയിലെ പെൺകുട്ടികൾ പറയുന്നു. 

what is happening in pulwama ground story from kashmir response of young women
Author
Pulwama, First Published Aug 15, 2019, 5:15 PM IST

ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിന് തൊട്ടുതലേന്ന്, പുൽവാമയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സംഘം. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെ നടന്ന ചാവേറാക്രമണത്തിൽ 40 ധീരസൈനികരാണ് ജീവൻ വെടിഞ്ഞത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം സമാധാനപരമാണോ പുൽവാമയിലെ സ്ഥിതി? അതറിയാൻ ഞങ്ങൾ പലരിൽ നിന്നും പ്രതികരണം തേടി. വിദ്യാർത്ഥിനികളായ രണ്ട് പേരോട് സംസാരിച്ചു. ക്ഷുഭിതരായിട്ടായിരുന്നു അവരുടെ മറുപടികൾ. പുറമേയ്ക്ക് ശാന്തമെന്ന് തോന്നുമെങ്കിലും കശ്മീരിന്‍റെ ഉള്ളിൽ തീയാണെന്ന് അവർ പറയുന്നു. മുഖം മറച്ചുകൊണ്ടാണ് അവർ ഞങ്ങളോട് സംസാരിച്ചത്. മുഖം വെളിപ്പെടുത്തിയാൽ നാളെ ഞങ്ങളുടെ സ്ഥിതിയെന്താകുമെന്നറിയില്ലെന്ന് അവർ. 

''ഇവിടത്തെ സ്ഥിതി ഒട്ടും ശാന്തമല്ല. ചുറ്റും കർഫ്യൂവാണ്. കശ്മീരി ജനത സന്തോഷവാൻമാരാണെന്ന് പറയുന്നതെല്ലാം നുണയാണ്. ഞങ്ങൾക്ക് ഒരു സന്തോഷവുമില്ല. ഞങ്ങളുടെ ഫോൺ പ്രവർത്തിയ്ക്കുന്നില്ല. ചുറ്റുപാടും നടക്കുന്നതെന്തെന്നറിയില്ല. 

എന്ത് ചൂണ്ടിക്കാണിച്ചാണ് കശ്മീരി ജനത സന്തോഷവാൻമാരാണെന്ന് അവർ പറയുന്നത്? ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങളിൽ നിന്ന് എന്തിനാണ് തട്ടിയെടുത്തത്? എന്തുകൊണ്ട് ഞങ്ങളോട് സംസാരിക്കുക പോലും ചെയ്തില്ല? ഞങ്ങളെ അറിയിച്ചില്ല? 

കശ്മീരിലെ ജനതയ്ക്ക് വികസനം കൊണ്ടുവരുമെന്ന് മോദി പറയുന്നു. എന്ത് വികസനമാണ് കൊണ്ടുവരിക? ഞങ്ങളെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം'', ഒരു പെൺകുട്ടി പറയുന്നു.

വിദ്യാർത്ഥിനികളാണ് രണ്ട് പേരും. പഠനത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അവർ പറയുന്നു. കോളേജുകളോ സ്കൂളുകളോ നേരാംവണ്ണം പ്രവർത്തിക്കുന്നില്ല. പൊതുഗതാഗതസംവിധാനങ്ങൾ ഇപ്പോഴും പഴയ നിലയിലല്ല. 

''ഇന്‍റർനെറ്റ് ഇല്ല ഇവിടെയെങ്ങും. എന്താണ് നടക്കുന്നതെന്നറിയില്ല. ഞങ്ങളുടെ നേതാക്കളെവിടെയെന്നറിയില്ല. ഞങ്ങളുടെ സഹോദരൻമാർ പലരും ജയിലുകളിലാണ്. എന്താണ് കാരണമെന്നു പോലും പറയാതെ അവരെ ജയിലിലിട്ടിരിക്കുകയാണ്. ഞങ്ങൾക്ക് പ്രതികരിക്കാൻ പോലും ഭയമാണ്. വല്ലതും തുറന്ന് പറഞ്ഞാൽ എന്ത് സംഭവിക്കും? നേരെ ജയിലിൽപ്പോകും. 

ഇത്രയും കാലം, എഴുപത് വർഷം ഞങ്ങളുടെ താഴ്‍വരയിൽ രക്തച്ചൊരിച്ചിലുണ്ടായി. നിരവധി പൗരൻമാർ കൊല്ലപ്പെട്ടു. അതെല്ലാം എന്തിനായിരുന്നു. അടിസ്ഥാനപരമായി ഞങ്ങളുടെ സ്വാതന്ത്ര്യം എവിടെ? അവർ പറയുന്നു, കശ്മീർ ഞങ്ങളുടേതാണെന്ന്. അവർക്ക് കശ്മീരല്ല വേണ്ടത്. കശ്മീരിന്‍റെ ഭൂമിയാണ് വേണ്ടത്. കശ്മീരി ജനതയെ അവർക്ക് വേണ്ട. ഞങ്ങൾ ചത്തു തുലഞ്ഞാലും അവർക്കൊന്നുമില്ല. ഞങ്ങൾക്കിവിടെ അവകാശങ്ങളില്ല. 

ഇവിടെയുള്ളവർക്കെല്ലാം ഭയമാണ്. സൈന്യത്തിന്‍റെ കൈയിൽ തോക്കുകളുണ്ട്. ഞങ്ങൾ സാധാരണ ജനങ്ങളാണ്. ഞങ്ങളുടെ കൈയിൽ തോക്കൊന്നുമില്ല. എന്തെങ്കിലും പറഞ്ഞാൽ ഒന്നോർത്തു നോക്കൂ, അവരുടെ കൈയിൽ തോക്കുകളാണ്. 

അവർ പറയുന്നതെല്ലാം നുണയാണ്. അള്ളാഹുവാണ് സത്യം. ഞങ്ങൾക്കിവിടെ ശാന്തതയില്ല. ഈ ഇന്‍റർവ്യൂ നൽകിയ ശേഷം ഞങ്ങളുടെ സ്ഥിതിയെന്താകുമെന്നറിയില്ല. സാധാരണ ജീവിതം പോലുമില്ലാതെ ഞങ്ങൾക്ക് വീട്ടിലിരുന്ന് ഭ്രാന്ത് പിടിക്കുകയാണ്. പത്ത് ദിവസമായി പുറത്തിറങ്ങിയിട്ട്. കശ്മീരിൽ ആരെങ്കിലും പ്രതികരിച്ചാൽ അവരെ അവസാനിപ്പിച്ചു കളയുകയാണ്'', വിദ്യാ‍ർത്ഥിനികൾ പറയുന്നു. 

പുൽവാമയിൽ നിന്ന് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശവും ക്യാമറാമാൻ പി വടിവേലും തയ്യാറാക്കിയ റിപ്പോർട്ട്. 

പരമ്പരയുടെ ഒന്നാം ഭാഗം ഇവിടെ: കശ്മീരില്‍ കടുത്ത നിയന്ത്രണത്തില്‍ ഈദ് ആഘോഷം; കശ്മീരില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം

പരമ്പരയുടെ രണ്ടാം ഭാഗം ഇവിടെ: അതൃപ്തിയുടെ താഴ്‍‍വര: പ്രകടനങ്ങളുടെ ചിത്രം പ്രചരിപ്പിച്ചാൽ നടപടി, കശ്മീരിൽ ഏഷ്യാനെറ്റ് ന്യൂസ്

എന്താണ് കശ്മീരിൽ സംഭവിക്കുന്നത്? പ്രതിഷേധമുണ്ട്, പക്ഷേ നയിക്കാനാളില്ല; ജമ്മു കശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത്

പരമ്പരയുടെ നാലാം ഭാഗം: കശ്മീരിൽ ഇത് ചരിത്രപ്രധാന സ്വാതന്ത്യദിനം: ലാൽ ചൗക്കിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios