ലോകത്തെ ഏറ്റവും വലിയ ഹിന്ദു മതഗ്രന്ഥങ്ങളുടെ പ്രസാധകരെ ചുറ്റിത്തിരിയുന്ന വിവാദങ്ങൾ എന്ത്?
ഖൊരഖ്പൂരിലെ ഗീതാ പ്രസിന് 2021 ലെ മഹാത്മാഗാന്ധി സമാധാന പുരസ്‌കാരം നല്‍കാനുള്ള തീരുമാനം വന്നതിന് പിന്നാലെ ഇളകി മറിഞ്ഞിരിക്കുകയാണ് ദേശീയ രാഷ്ട്രീയം. നോര്‍ത്ത് ഇന്ത്യയില്‍ ഹിന്ദുത്വ ആഖ്യാനങ്ങളോടെ പ്രസിദ്ധീകരണങ്ങളിറക്കുകയും ഗാന്ധി വധത്തില്‍ മൗനം പാലിക്കുകയും ചെയ്ത ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം നല്‍കുന്നതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഗീതാ പ്രസ് എന്താണെന്നും വിവാദങ്ങള്‍ക്ക് പിന്നിലെ കാരണം എന്താണെന്നും നോക്കാം.
പശ്ചിമബംഗാളിലെ ബാങ്കുറയില്‍നിന്നുള്ള മാര്‍വാടി കച്ചവടക്കാരനായ ജയ ദയാല്‍ ഗോയന്ദ്കയാണ് 1923ല്‍ ഗീതാ പ്രസ് സ്ഥാപിച്ചത്. കച്ചവട യാത്രകള്‍ക്കിടെ നേരത്തെതന്നെ പബ്ലിഷിങ് ഹൗസിന്റെ വിത്തുകള്‍ ഗോയന്ദ്കയുടെ ഉള്ളില്‍ മുളപൊട്ടിയിരുന്നു. പരുത്തി, മണ്ണെണ്ണ, തുണിത്തരങ്ങള്‍, പാത്രങ്ങള്‍ എന്നിവയുടെ വ്യാപാരിയായിരുന്നു ഇദ്ദേഹം. ജോലി ആവശ്യങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര പതിവായിരുന്നു. ഒരു തികഞ്ഞ മതവിശ്വാസി. യാത്രകള്‍ക്കിടെ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ വ്യാപാരികളും മറ്റുമായ സുഹൃത്തുക്കളുമായി ചേര്‍ന്ന് ചെറുചെറു സംഘങ്ങള്‍ രൂപീകരിച്ച് ഭഗവത്ഗീതയെക്കുറിച്ചും മറ്റ് മതഗ്രന്ഥങ്ങളെക്കുറിച്ചും ഗോയന്ദ്ക ചര്‍ച്ച ചെയ്തു.
ആ ഘട്ടത്തിലാണ് അവര്‍ ഭഗവത് ഗീതാ വിവര്‍ത്തനങ്ങളില്‍ ചില പ്രശ്നങ്ങളുണ്ടെന്ന തോന്നലിലേക്കെത്തിയത്. കൃത്യമായ വ്യാഖ്യാനത്തോടൊപ്പം ഗീതയുടെ ഒരു ആധികാരിക വിവര്‍ത്തനം ആവശ്യമാണെന്ന് ഗോയന്ദ്കയ്ക്കും സുഹൃത്തുക്കള്‍ക്കും തോന്നി. ഉത്തരത്തിലുള്ള ഭഗവത് ഗീതയ്ക്കുവേണ്ടി ഒരുപാട് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ സ്വന്തമായി ഒരു പ്രസാധകകേന്ദ്രം ആരംഭിക്കാന്‍ ഗോയന്ദ്ക തീരുമാനിച്ചു. വ്യവസായിയായ സുഹൃത്ത് ഗോയന്ദ്കയ്ക്ക് ഗോരഖ്പൂരില്‍ പ്രസ് ആരംഭിക്കാന്‍ സഹായങ്ങള്‍ നല്‍കി. അങ്ങനെ ചെറിയ വാടകമുറിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഗീത പ്രസ് 1923 ഏപ്രിലില്‍ ഭഗവദ്ഗീതയുടെ വിവര്‍ത്തനം വ്യാഖ്യാനങ്ങളോടെ അച്ചടിക്കാന്‍ ആരംഭിച്ചു.
1926 മുതലാണ് ഗീതാ പ്രസ് ഒരു സീരിയസ് പ്ലയര്‍ എന്ന നിലയില്‍ ഹിന്ദി പബ്ലിഷിങ് രംഗത്ത് സജീവമായത്. ഭഗവത്ഗീതയ്ക്കും മറ്റ് മതഗ്രന്ഥങ്ങള്‍ക്കുമൊപ്പം കല്യാണ്‍ എന്ന പേരില്‍ പ്രതിമാസ മാസികയും ആരംഭിച്ചു. തുടക്കഘട്ടത്തില്‍ ഹിന്ദുമഹാസഭയുമായി ബന്ധമുണ്ടായിരുന്ന ഹനുമാന്‍ പ്രസാദ് പോദ്ദറിനായിരുന്നു കല്യാണിന്റെ എഡിറ്റോറിയല്‍ ചുമതല. കല്യണിനെ പോദ്ദര്‍ തഴച്ചുവളര്‍ത്തി എന്നുതന്നെ പറയേണ്ടി വരും. ദേശീയതയിലായിരുന്നു പോദ്ദറിന്റെ പ്രധാന ശ്രദ്ധ. ഹിന്ദി ഭാഷ ഹിന്ദുവിന്റേത്, ഹിന്ദു-മുസ്ലിം സമൂഹത്തിനിടയില്‍ ഉരുത്തിരിഞ്ഞ ദേശീയത തുടങ്ങിയവയുടെ പ്രധാന പ്രചാരകരായി കല്യാണ്‍ മാറി.
Read more: 'ഗ്രീൻബ്രിയർ പ്രേത കേസ്'; 'പ്രേതം' ചുരുളഴിച്ച ആദ്യത്തെയും അവസാനത്തെയും കൊലപാതക കേസ്
ഗീതാപ്രസിനെക്കുറിച്ച് ഗവേഷണം നടത്തി പുസ്തകമിറക്കിയ മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ മുകുളിന്റെ അഭിപ്രായത്തില്‍ കല്യാണാണ് ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമായി വിപണിയിലെത്തിയ ആദ്യ മാസിക. 'ഗീത പ്രസ് ആന്റ് ദ മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ' എന്ന പുസ്തകത്തിലൂടെ അക്ഷയ മുകുള്‍ ഗീത പ്രസിന്റെ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് തുറന്നെഴുതി. ഇതോടെയാണ് സ്പിരിച്വല്‍ പബ്ലിഷിങ് ഹൗസ് എന്ന് ലേബലില്‍ മാത്രം പുറമേക്ക് അറിയപ്പെട്ടിരുന്ന ഗീതാപ്രസിന്റെ അജണ്ടകള്‍ ചര്‍ച്ചയായതും വിവാദങ്ങളിലേക്ക് നയിക്കപ്പെട്ടതും. ഹിന്ദു ദേശീയതയെ ഭൂരിപക്ഷ ചിന്തയിലേക്ക് ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം ഗീതാപ്രസ് ആര്‍എസ്എസ്, ഹിന്ദുമഹാസഭ, ബിജെപി തുടങ്ങിയവരുടെ ഹിന്ദു നാഷണലിസം എന്ന അജണ്ടയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തെന്ന് അക്ഷയ് മുകുള്‍ തന്റെ പുസ്തകത്തില്‍ അടിവരയിട്ട് പറയുന്നുണ്ട്.
ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസുകളികളിലൊന്നാണ് ഗീതാപ്രസ്. 15 ഭാഷകളിലായി കല്യാണ്‍ ഉള്‍പ്പെടെ 1,850 റിലീജിയസ് പുസ്തകങ്ങളുടെ 93 കോടി കോപ്പികള്‍ ഗീതാ പ്രസ് ഇതിനോടകം വിറ്റഴിച്ചുകഴിഞ്ഞെന്നാണ് കണക്ക്. തുളസീദാസിന്റെ രാമചരിത് മാനസിന്റെ മൂന്നരക്കോടി കോപ്പികളും ഭഗവത് ഗീതയുടെ 16 കോടി കോപ്പികളും ഗീതാ പ്രസ് വിറ്റു. ഗീത, രാമായണം, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, പ്രഗത്ഭ സന്യാസിമാരുടെ പ്രഭാഷണങ്ങള്‍, സ്വഭാവരൂപീകരണ പുസ്തകങ്ങള്‍, മാസികകള്‍ എന്നിവയിലൂടെ ഹിന്ദുമതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും തത്വങ്ങള്‍ പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഗീതാ പ്രസ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുമതത്തിന്റെ മുന്‍നിര വിതരണക്കാരെന്നാണ് ഗവേഷകനായ പോള്‍ ആര്‍ണി ഗീതാ പ്രസിനെ വിശേഷിപ്പിച്ചത്. നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സാധാരണ ജീവിതങ്ങളെ സംബന്ധിച്ച് ഇത് ശരിയാണ് താനും. കല്യാണിനും മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്കും അത്രയേറെ പ്രചാരമാണ് ലഭിച്ചത്.
ഗീതാ പ്രസിന്റെയും കല്യാണിന്റെയും തുടക്കഘട്ടത്തില്‍ ഗാന്ധിയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപകരുമായി ഗാന്ധിക്ക് അടുത്ത ബന്ധവുമുണ്ടായിരുന്നു. കാലക്രമേണ ജാതി, വര്‍ഗീയത, ദളിത് തൊട്ടുകൂടായ്മ തുടങ്ങി പലവിഷയങ്ങളിലായി ഈ ബന്ധത്തില്‍ വിള്ളലുകള്‍ വന്നിരുന്നു. ഗീതയുടെ സ്ഥാപകന്‍ ഗോയന്ദ്കയെയും കല്യാണിന്റെ ഫൗണ്ടറും എഡിറ്ററുമായിരുന്ന ഹനുമാന്‍ പ്രസാദ് പോഡറിനെയും ഗാന്ധി വധത്തിന് പിന്നാലെ 1948 -ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധി വധത്തില്‍ ഗീത പ്രസ് നീണ്ട മൗനം പുലര്‍ത്തി.
എന്താണ് ഗാന്ധി സമാധാന പുരസ്‌കാരം
സമാധാനം, അഹിംസ, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് മഹാത്മഗാന്ധി സമാധാന പുരസ്പാരം നല്‍കാറുള്ളത്. അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പൊതുവേ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കാറുള്ളത്. താന്‍സാനിയന്‍ പ്രസിഡന്റ് ജൂലിയസ് നെരേരെ, നെല്‍സണ്‍ മണ്ടേല, ആഫ്രിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡെസ്മണ്ട് ടുട്ടു എന്നിവര്‍ അവരില്‍ ചില ഉദാഹരണങ്ങളാണ്.
ഇനി നിലവിലത്തെ വിവാദങ്ങളിലേക്ക് വന്നാല്‍
മതത്തെ സംബന്ധിച്ച് യാഥാസ്ഥിതിക കാഴ്ചപ്പാടും വലതുപക്ഷ ഐഡിയോളജിയുമാണ് ഗീത പ്രസിന്റേതെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഗാന്ധി വധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കുതന്നെ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കുന്നതിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം. ഗീതാ പ്രസിന് പുരസ്‌കാരം നല്‍കുന്നത് വിഡി സവര്‍ക്കറിനോ നാഥുറാം ഗോഡ്സേയ്ക്കോ നല്‍കുന്നതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തുന്നത്. ഗാന്ധി സമാധാന പുരസ്‌കാരത്തിന്റെ പേര് ഗോഡ്സേ സമാധാന പുരസ്‌കാരമെന്ന് മാറ്റുന്നതാണ് നല്ലതെന്ന രൂക്ഷ വിമര്‍ശനം കേരളത്തിലെ കോണ്‍ഗ്രസും ഉയര്‍ത്തിക്കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധ നയത്തിന്റെ ഭാഗമാണെന്ന ആരോപണമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.
