രണ്ടാമത്തെ പാളത്തിലൂടെ വരികയായിരുന്ന ട്രെയിൻ പാളം തെറ്റിക്കിടന്ന വാഗണുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 21 വാഗണുകളാണ് പാളം തെറ്റിയത്
റാഞ്ചി: പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് വീണ ഗുഡ്സ് ട്രെയിൻ വാഗണുകൾ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു ഗുഡ്സ് ട്രെയിൻ. ജാർഖണ്ഡിൽ ശനിയാഴ്ച പുലർച്ചെ 4.15നാണ് സംഭവം. പുരുലിയയിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ പിടകി ഗേറ്റിന് സമീപത്ത് വച്ചാണ് പാളം തെറ്റിയത്. ഛന്ദിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്തായാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. രണ്ടാമത്തെ പാളത്തിലൂടെ വരികയായിരുന്ന ട്രെയിൻ പാളം തെറ്റിക്കിടന്ന വാഗണുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 21 വാഗണുകളാണ് പാളം തെറ്റിയത്.
ട്രെയിൻ ഇടിച്ചതിന് പിന്നാലെ രണ്ട് വാഗണുകൾ സമീപത്തെ റോഡിലേക്കും തെറിച്ച് വീണു. സാങ്കേതിക തകരാറും സിഗ്നൽ തകരാറും നിമിത്തമുണ്ടായ അപകടമാണ് ഇതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടത് ഗുഡ്സ് ട്രെയിനുകൾ ആയതിനാൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ റെയിൽ വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാതയിലൂടെയുള്ള പതിവ് രീതിയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂട്ടിയിടിയിൽ ട്രെയിനുകളുടെ വീലുകൾ തകർന്ന് ഏറെ അകലത്തേക്ക് തെറിച്ച് വീണിട്ടുണ്ട്. അപകടം നടന്ന 200 മീറ്ററോളം ദൂരം ട്രാക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂട്ടിയിടിക്ക് പിന്നാലെ ചന്ദിൽ - ടാറ്റാനഗർ, ചന്ദിൽ - മുറി, ചന്ദിൽ - പുരുലിയ - ബൊക്കാറോ പാതകളിലേക്കുള്ള സർവ്വീസുകൾ തടസപ്പെട്ടു. നിരവധി ട്രെയിൻ സർവ്വീസുകൾ തടസപ്പെട്ടതിനാൽ യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി. യാത്രക്കാർക്കായി മറ്റ് ഗതാഗത സംവിധാനങ്ങൾ ഒരുക്കിയതായാണ് റെയിൽവേ വിശദമാക്കുന്നത്. ടാറ്റാ പട്ന വന്ദേഭാരത് എക്സ്പ്രസ്, ടാറ്റ - ബക്സാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ടാറ്റ- ധൻബാദ് സ്വർണരേഖ എക്സ്പ്രസ് എന്നിവ സർവ്വീസ് റദ്ദാക്കി. ഇതുവഴിയുള്ള ദീർഘദൂര സർവ്വീസുകളും അപകടം മൂലം സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.
