Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ പൈലറ്റ് പറന്നിറങ്ങുമോ? മുഖ്യമന്ത്രിയിൽ ഇന്ന് തീരുമാനം, യോഗം ഗെഹ്ലോട്ടിന്റെ വസതിയിൽ

സച്ചിൻ പൈലറ്റിന് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേൾക്കുന്നത് നിയമസഭാ സ്പീക്കര്‍ സി പി ജോഷിയുടെ പേരാണ്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനാണ് ജോഷി.

who will be the next cm of Rajasthan Congress Legislative Party meeting at Gehlot residence
Author
First Published Sep 25, 2022, 11:01 AM IST

ജയ്പൂര്‍ (രാജസ്ഥാൻ) : അശോക് ഗെഹ്ലോട്ടിന്റെ സ്ഥാനാവരോഹണം മുതൽ രാജസ്ഥാന മുഖ്യമന്ത്രി സ്ഥാനം വരെ ഇന്ന് അറിയാം. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിയുമോ എന്ന ചര്‍ച്ചകൾ സജീവമായിരുന്നു. ഒപ്പം ഗെഹ്ലോട്ടിന്റ പാര്‍ട്ടിയിലെ തന്നെ എതിരാളിയായി കണക്കാക്കുന്ന സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എല്ലാ ചോദ്യങ്ങൾക്കമുള്ള മറുപടി ഇന്ന് വൈകീട്ടോടെ ഗെഹ്ലോട്ടിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. 

ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാകും യോഗം ആരംഭിക്കുക. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ തന്നെ നിർണായക തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

ഈ ആഴ്ചയിലെ തന്നെ രണ്ടാമത്തെ നമിയമസഭാ കക്ഷി യോഗമാണ് ഇന്ന് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് യോഗം ചേര്‍ന്നിരുന്നു. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്  മത്സരിക്കുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ തന്റെ പിൻഗാമിയെ സോണിയാ ഗാന്ധിയും അജയ് മാക്കനും തീരുമാനിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു. 

സച്ചിൻ പൈലറ്റിന് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേൾക്കുന്നത് നിയമസഭാ സ്പീക്കര്‍ സി പി ജോഷിയുടെ പേരാണ്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനാണ് ജോഷി. 2008 ൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന് പരാജയപ്പെടുകയായിരുന്നു. വെള്ളിയാഴ്ച പൈലറ്റ് നേരിട്ടെത്തി ജോഷിയെ കണ്ടിരുന്നു. മറ്റ് എംഎൽഎമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്പീക്കറുമായുള്ള കൂടിക്കാഴ്ച.

ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ഗെഹ്ലോട്ടിന് താത്പര്യമെങ്കിലും പൈലറ്റ് മുഖ്യമന്ത്രിയാകുന്നതാണ് ഗാന്ധി കുടുംബത്തിന് താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകൾ. മാത്രമല്ല, മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താനുള്ള ചരടുവലികൾ സച്ചിൻ പൈലറ്റ് തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കൊപ്പം ഭാരപത് ജോഡോ യാത്രയിലും സച്ചിൻ പൈലറ്റ് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. എന്ത് തന്നെ ആയാലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ ഗെഹ്ലോട്ടിനെ പിണക്കാതെയുള്ള തീരുമാനമായിരിക്കും ഗാന്ധി കുടുംബം എടുക്കുക എന്നാണ് വിലയിരുത്തൽ. 

Read More : രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം; തിരക്കിട്ട നീക്കവുമായി സച്ചിന്‍ പൈലറ്റ്

Follow Us:
Download App:
  • android
  • ios