തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്ന കോൺഗ്രസിന് എന്നാൽ മുന്നിൽ നിർത്താൻ ഇതുവരെയും അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല.

കോൺഗ്രസിന്റെ താക്കോൽ സ്ഥാനത്തേക്ക് ആരെത്തുമെന്നത് ഇപ്പോഴും അവ്യക്തമാണ്. നേതാക്കളിൽ ഭൂരിപക്ഷം വിരൽ ചൂണ്ടുന്നത് രാഹുൽ ഗാന്ധിയിലേക്ക് ആണെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ. ജി-23 നേതാക്കളുടെ നീക്കങ്ങളും പാർട്ടിയെ കുഴപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പാർട്ടിയെ നയിച്ചേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നത്. ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്ന സോണിയാ ഗാന്ധി ഗെഹ്ലോട്ടിനോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്ന കോൺഗ്രസിന് എന്നാൽ മുന്നിൽ നിർത്താൻ ഇതുവരെയും അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയ്ക്ക് സ്ഥിരം അധ്യക്ഷപദവിയിലേക്ക് നേതാവില്ലെന്നത് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയാണ്. പാർട്ടിയിൽ കുടുംബാധിപത്യമാണെന്ന മോദി അടക്കമുള്ളവരുടെ വിമർശനങ്ങൾ അവസാനിപ്പിക്കുക എന്നത് കൂടി മുൻ നിർത്തിയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ ഗെഹ്ലോട്ടിനെ തന്നെ സോണിയയും രാഹുലും തിരഞ്ഞെടുത്തത്.

എന്നാൽ അപ്പോഴും രാഹുൽ അധ്യക്ഷനാകണമെന്നാണ് അശോക് ഗെഹ്ലോട്ട് അടക്കമുള്ളവർ‌ ആവശ്യപ്പെടുന്നത്. രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന നിമിഷത്തിനായി കാത്തിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായ ഗെഹ്ലോട്ട് രാജസ്ഥാൻ രാഷ്ട്രീയം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നത് വ്യക്തമാണ്. പാർട്ടിയിലെ തന്നെ എതിർ പക്ഷമായ സച്ചിൻ പൈലറ്റിന് സംസ്ഥാനം വിട്ടുകൊടുത്ത് ഹൈക്കമാന്റിലേക്ക് വെച്ചുപിടിക്കാൻ ഗെഹ്ലോട്ട് അത്ര എളുപ്പം തയ്യാറായേക്കില്ല. മാത്രമല്ല, തനിക്ക് ഇപ്പോൾ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നിരീക്ഷക പദവിയുണ്ടെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പദവി നിർവ്വഹിച്ച് വരികയാണെന്നുമായിരുന്നു അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തോട് ഗെഹ്ലോട്ടിന്റെ പ്രതികരണം.

ഗെഹ്ലോട്ടിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചനയുമുണ്ട്. നേരത്തെ സോണിയാ ഗാന്ധിക്ക് എതിരെ ജിതിൻ പ്രസാദ് മത്സരിച്ചതിന് സമാനമായി ജി 23 നേതാക്കൾ സ്ഥാനാർത്ഥിയെ നിർത്തിയേക്കും. അശോക് ഗെഹ്ലോട്ടിന് പുറമെ മല്ലികാർജ്ജുൻ ഖാർഗെയുടെയും കമൽനാഥിന്റെയും പേരുകളും തൽ സ്ഥാനത്തേക്ക് ഉയർന്ന് വരുന്നുണ്ട്. സെപ്റ്റംബർ 20-നുള്ളിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി. കോൺഗ്രസ് അധ്യക്ഷപദത്തിൽ ഭാരത് ജോഡോ യാത്രക്ക് മുൻപ് ധാരണയിലെത്തണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ മൗനം തുടരുകയാണ് രാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സെപ്തംബർ ഏഴ് മുതലാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്.