''50 വർഷമായി ഒരു കുടുംബത്തിന് കീഴിലായിരുന്നു അമേത്തി. 80 ശതമാനം വീടുകളിലും 2014ന് മുമ്പ് വൈദ്യുതി കണക്ഷനോ ടോയ്‌ലറ്റുകളോ ഉണ്ടായിരുന്നില്ല''.
റായ്പുർ: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധനവില കുറയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി (Smriti Irani). റായ്പൂരിലെ ബിജെപി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം ചോദിച്ചത്. അമേഠിയുടെ വികസനത്തിനായി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പെട്രോളിനും ഡീസലിനും 9 രൂപയും 7 രൂപയും കുറച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഒരു ലക്ഷം കോടിയുടെ നികുതി ഭാരം ഏറ്റെടുത്തു. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 200 രൂപയുടെ ഇളവ് നൽകി. സൗജന്യ മായി കൊവിഡ് വാക്‌സിനുകളും റേഷനും നൽകിയെന്നും അവർ പറഞ്ഞു. എന്നാൽ, എന്തുകൊണ്ടാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധനവില കുറയ്ക്കാത്തതെന്നും സ്മൃതി ഇറാനി ചോദിച്ചു.
50 വർഷമായി ഒരു കുടുംബത്തിന് കീഴിലായിരുന്നു അമേത്തി. 80 ശതമാനം വീടുകളിലും 2014ന് മുമ്പ് വൈദ്യുതി കണക്ഷനോ ടോയ്‌ലറ്റുകളോ ഉണ്ടായിരുന്നില്ല. ഒരു കളക്ടർ ഓഫീസ് പോലും അമേത്തിയിൽ ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും അമേത്തിയിൽ ആദ്യ പാസ്‌പോർട്ട് ഓഫീസ് സ്ഥാപിച്ചത് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അമേത്തിയിൽ തോൽപ്പിച്ചാണ് സ്മൃതി ഇറാനി എംപിയായത്.
