Asianet News MalayalamAsianet News Malayalam

മത്സരിക്കാൻ മുകുൾ വാസ്നികും? ജി 23ൽ നിന്നൊരു ഔദ്യോ​ഗികസ്ഥാനാർത്ഥിയോ!

എ കെ ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുകുൾ വാസ്നിക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

will mukul vasnik  compete in congress president election
Author
First Published Sep 29, 2022, 9:24 PM IST

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മുകുൾ വാസ്നിക് മത്സരിച്ചേക്കുമെന്നു സൂചന.  എ കെ ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുകുൾ വാസ്നിക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നിലവിൽ ശശി തരൂരും ദി​ഗ് വിജയ് സിം​ഗുമാണ് മത്സരരം​ഗത്തുള്ളത്. ശശി തരൂരും ജി 23 നേതാക്കളിലൊരാളാണ്. 

അശോക് ​ഗെലോട്ട് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ പാർട്ടി നടത്തിയ അനൗ​​​ദ്യോ​ഗിക ചർച്ചകളിലാണ് മുകുൾ വാസ്നികിന്റെ പേര് ഉയർന്നുവന്നതെന്നാണ് വിവരം. എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ മുകുൾ വാസ്നികിനെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നാണ് പാർട്ടിയിൽ നിന്നുതന്നെ പുറത്തുവരുന്ന സൂചന. നാളെയാണ് നാമനിർ​ദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. 
 
പ്രധാനപ്പെട്ട ജി 23 നേതാക്കളിലൊരാളായ മുകുൾ വാസ്നിക് എല്ലായ്പ്പോഴും വിവാദങ്ങളിൽ നിന്ന് അകന്നുനിന്ന നേതാവാണ്. 2019ൽ രാഹുൽ ​ഗാന്ധി രാജിവച്ചപ്പോൾ അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേട്ട പേരുകളിലൊന്ന് മുകുൾ വാസ്നികിന്റേത് ആയിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ദളിത് നേതാവാണ് വാസ്നിക്. നരസിംഹറാവു, മൻമോഹൻ സിം​ഗ് സർക്കാരുകളിൽ  മന്ത്രിയായിരുന്നു മുകുൾ വാസ്നിക്. 

Read Also: സോണിയയോട് മാപ്പ് പറഞ്ഞ് ഗലോട്ട്; രാജസ്ഥാനിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കെ.സി

അതേസമയം,  കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ​ഗെലോട്ട് വ്യക്തമാക്കിയെങ്കിലും അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍  സോണിയ ഗാന്ധിയോട് ​ഗെലോട്ട് ക്ഷമ ചോദിച്ചെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും കാരണമായ ആ മുഖ്യമന്ത്രിപദത്തിൽ ഇനിയും അദ്ദേഹത്തിന് തുടരാനാവുമോ എന്നതാണ് ചോദ്യം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധിയാണ്. തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

​ഗെലോട്ട് പാർട്ടി അധ്യക്ഷനായാൽ പകരം മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിൽ കുടുങ്ങി വലിയ വിമതനീക്കമാണ് രാജസ്ഥാനിലെ 90 എംഎൽഎമാരിൽ നിന്നുണ്ടായ്ത. ​ഗെലോട്ട് പക്ഷക്കാരായ ഇവരിൽ, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാതിരിക്കാനുള്ള നീക്കത്തിന് പിന്നിൽ ​ഗെലോട്ടിന്റെ പങ്ക് പാർട്ടി പൂർണമായി തള്ളിയിട്ടില്ലെന്നാണ് ആഭ്യന്തരവൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാരണത്തിലുള്ള അതൃപ്തി പാർട്ടിക്ക് ഉണ്ടെന്നാണ് വിവരം. നിയമസഭാ നേതാവും മുഖ്യമന്ത്രിയുമെന്ന നിലയിൽ അശോക് ​ഗെലോട്ടിന് കാര്യങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്നാണ് വിലയിരുത്തൽ. 

Read Also: ജോഡോ യാത്ര എത്തും മുമ്പേ രാഹുലിന്റെ പോസ്റ്ററുകൾ കീറി; പിന്നിൽ ബിജെപിയെന്ന് കോൺ​ഗ്രസ്

Follow Us:
Download App:
  • android
  • ios