മരുമകൾക്കായി വരനെ കണ്ടെത്തിയതും വിവാഹചടങ്ങിന് മേൽനോട്ടം വഹിച്ചതുമെല്ലാം സുനിത തന്നെയായിരുന്നു. രാജസ്ഥാനിലെ നാരായൺപുർ സ്വദേശിയായ യോ​ഗേഷ് ആണ് മീനാക്ഷിയെ രണ്ടാമത് വിവാഹംചെയ്തത്. ബുധനാഴ്ച ആര്യസമാജം ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങ്.

ലഖ്നൗ: മകന്റെ വിയോ​ഗത്തിന് പിന്നാലെ വിധവയായ മരുമകൾക്ക് വരനെ കണ്ടെത്തിനൽകി വീട്ടമ്മ. മുസാഫർന​ഗർ സ്വദേശിനിയായ സുനിതയാണ് മരുമകളായ മീനാക്ഷിയ്ക്ക് പുതിയൊരു പങ്കാളിയെ കണ്ടെത്തിനൽകിയത്. സുനിതയുടെ മകൻ രോഹിത്തിന്റെ ഭാര്യയായിരുന്നു മീനാക്ഷി. എന്നാൽ, രോഹിതിന്റെ മരണത്തിന് പിന്നാലെ മീനാക്ഷിയും രണ്ടുപെൺമക്കളും തനിച്ചായി. ഇതോടെയാണ് സുനിത തന്നെ മുൻകൈയെടുത്ത് ഒരുമാസത്തിനുള്ളിൽ മരുമകളുടെ രണ്ടാംവിവാഹം നടത്തിയത്.

മരുമകൾക്കായി വരനെ കണ്ടെത്തിയതും വിവാഹചടങ്ങിന് മേൽനോട്ടം വഹിച്ചതുമെല്ലാം സുനിത തന്നെയായിരുന്നു. രാജസ്ഥാനിലെ നാരായൺപുർ സ്വദേശിയായ യോ​ഗേഷ് ആണ് മീനാക്ഷിയെ രണ്ടാമത് വിവാഹംചെയ്തത്. ബുധനാഴ്ച ആര്യസമാജം ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങ്. സഹോദരന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ നടത്താൻ രോഹിത്തിന്റെ ഇളയസഹോദരൻ മോഹിത്തും ഉണ്ടായിരുന്നു. രണ്ടാംവിവാഹം കഴിഞ്ഞെങ്കിലും ആദ്യഭർത്താവിന്റെ കുടുംബവുമായുള്ള ബന്ധങ്ങളൊന്നും ഉപേക്ഷിക്കില്ലെന്ന് വാക്കുനൽകിയാണ് മീനാക്ഷിയും യോ​ഗേഷും മുസാഫർന​ഗറിൽനിന്ന് മടങ്ങിയത്.

പത്തുവർഷം മുൻപാണ് രോഹിത്തും മീനാക്ഷിയും വിവാഹിതരായത്. ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. കഴിഞ്ഞ ഓ​ഗസ്റ്റ് 14-ന് രോഹിത്തിന്റെ പിതാവ് അന്തരിച്ചു. പിതാവിന്റെ വിയോ​ഗത്തിന്റെ നടുക്കം മാറുംമുൻപേയാണ് തൊട്ടടുത്തദിവസം രോഹിത്തും വിടപറഞ്ഞത്.