ദുർഗ്ഗാ പൂജ പന്തൽ ഉദ്ഘാടനത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് യുവതി മമതയ്ക്ക് അടുത്തേക്ക് എത്തിയത്. സുരക്ഷാ വലയം ഭേദിച്ച് ഉള്ളിൽ കടക്കാൻ ശ്രമിച്ച ഇവരെ തൃണമൂൽ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്ന്ന് തടയുകയായിരുന്നു.
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ തനിഷ്ത സാഹ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാളിഘട്ടിലെ വസതിക്ക് പുറത്തുവെച്ചാണ് മമത ബാനർജിയെ ആക്രമിക്കാൻ ശ്രമം നടന്നത്. ദുർഗ്ഗാ പൂജ പന്തൽ ഉദ്ഘാടനത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് യുവതി മമതയ്ക്ക് അടുത്തേക്ക് എത്തിയത്.
സുരക്ഷാ വലയം ഭേദിച്ച് ഉള്ളിൽ കടക്കാൻ ശ്രമിച്ച ഇവരെ തൃണമൂൽ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്ന്ന് തടയുകയായിരുന്നു. കസ്റ്റഡിയിലുള്ള യുവതി മത ബാനർജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടെന്ന് മമതയുടെ അടുത്ത അനുയായിയും എംപിയുമായ ഡോല സെൻ ആരോപിച്ചു. സംഭവത്തിൽ ഡോല സെൻ കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസ് തനിഷ്ത സാഹ എന്ന യുവതിയെ കസ്റ്റഡിയിലെടുത്തത്.
ലഹരിയിലായിരുന്ന യുവതി അസഭ്യം പറയുകയും, തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ഡോല സെൻ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സെഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്ക് നേരെ നടന്ന ഈ സുരക്ഷാവീഴ്ചയിൽ തൃണമൂൽ കോൺഗ്രസ് കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

