അവസാന മണിക്കൂറുകളിൽ രേഖ ഗുപ്തക്കൊപ്പം പർവേഷ് വർമയേയും പരിഗണിക്കുന്നു എന്നും സൂചനയുണ്ട്.
ദില്ലി: 27 വർഷത്തിനിപ്പുറം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർ എസ് എസ് നിർദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആർ എസ് എസ് നിർദ്ദേശം ബി ജെ പി നേതൃത്വം കൂടി ശരിവച്ചാൽ രാജ്യതലസ്ഥാനം ഭരിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തും. എന്നാൽ അവസാന മണിക്കൂറുകളിൽ രേഖ ഗുപ്തക്കൊപ്പം പർവേഷ് വർമയേയും പരിഗണിക്കുന്നു എന്ന് സൂചനയുണ്ട്.
രണ്ട് ഉപമുഖ്യമന്ത്രിമാർക്കും സാധ്യതയുണ്ടെന്നാണ് മറ്റൊരു വിവരം. നിയമസഭാ കക്ഷി യോഗത്തിനായി ബി ജെ പി ആസ്ഥാനത്തേക്ക് എം എൽ എമാർ എത്തി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര നിരീക്ഷകരായ രവിശങ്കർ പ്രസാദും, ഓം പ്രകാശ് ധൻകറും ബി ജെ പി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതി നിർണായക ചർച്ചകളിലേക്ക് ബി ജെ പി കടക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ഇന്ന് രാത്രി തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.
അതേസമയം മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ ദില്ലി സർക്കാർ നാളെ വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടിന് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വമ്പൻ ആഘോഷമാക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചുഗിനും, വിനോദ് താവടെയ്ക്കും നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങിൽ അണിനിരക്കും.
