അപകട സമയത്ത് ലിഫ്റ്റിൽ യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റു. 

ലഖ്നൗ: ആശുപത്രിയിലെ ലിഫ്റ്റ് തകർന്നുവീണ് യുവതി മരിച്ചു. പ്രസവ ശേഷം യുവതിയെ താഴത്തെ നിലയിലേയ്ക്ക് മാറ്റുന്നതിനിടെയാണ് ലിഫ്റ്റ് തകർന്ന് വീണത്. അപകടത്തിൽ ആശുപത്രി ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഉത്ത‍ർപ്രദേശിലെ ലോഹ്യ നഗറിലുള്ള ക്യാപിറ്റൽ ഹോസ്പിറ്റലിലാണ് ദാരുണമായ സംഭവമുണ്ടായത്. 

കരിഷ്മ എന്ന യുവതിയെ പ്രസവ ശേഷം താഴത്തെ നിലയിലെ വാർഡിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. ലിഫ്റ്റിൽ രണ്ട് ആശുപത്രി ജീവനക്കാരും യുവതിയ്ക്കൊപ്പമുണ്ടായിരുന്നു. ലിഫ്റ്റ് താഴേയ്ക്ക് പോകുന്നതിനിടെ അതിന്റെ കേബിളുകൾ പൊട്ടിയാണ് അപകടമുണ്ടായത്. കരിഷ്മയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിന് കാരണമായത്. 

സംഭവം നടന്ന ഉടൻ ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെട്ടതായി യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. ബഹളത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ കുട്ടി സുരക്ഷിതനാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ ആയുഷ് വിക്രം പറഞ്ഞു. ലിഫ്റ്റിൻ്റെ സാങ്കേതിക പരിശോധന നടത്തി വരികയാണെന്നും പിഴവ് കണ്ടെത്തിയാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്നും സിറ്റി മജിസ്‌ട്രേറ്റ് അനിൽ കുമാർ വ്യക്തമാക്കി. 

READ MORE: ഇടിച്ചിട്ടു കടന്നു കളഞ്ഞു, ദൃഷാന മോൾ കോമയിലായിട്ട് 9 മാസം; വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്ന് സൂചന