ബെംഗളൂരുവിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി പോലീസിൽ പരാതി നൽകി. സ്ത്രീധനത്തിൻ്റെ പേരിലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
ബെംഗളൂരു: ഭർത്താവ് സ്വകാര്യ വീഡിയോകൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ബ്ലാക്ക് മെയിലിംഗ്, ചൂഷണം, പീഡനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭർത്താവിനും വീട്ടുകാർക്കുമെതിരെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സയ്യിദ് ഇനാമുൾ ഹഖ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.
വിവാഹശേഷം പുറത്തറിഞ്ഞ കാര്യങ്ങൾ
2024 ഡിസംബറിലാണ് യുവതിയും സയ്യിദ് ഇനാമുൾ ഹഖും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് സ്ത്രീധനമായി 340 ഗ്രാം സ്വർണാഭരണങ്ങളും ഒരു യമഹ ബൈക്കും നൽകിയിരുന്നു. എന്നാൽ, വിവാഹശേഷം ഭർത്താവ് നേരത്തെ വിവാഹിതനാണെന്ന് യുവതി കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് യുവതി പരാതിയിൽ പറയുന്നു.
സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു
ഭർത്താവ് തൻ്റെ നഗ്ന വീഡിയോകൾ പകർത്തിയെന്നും അത് ഉപയോഗിച്ച് ഭർത്താവിൻ്റെ വിദേശത്തുള്ള സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഭർത്താവ് പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും വീട്ടിൽ വെച്ചും ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടെന്നും യുവതി പറയുന്നു. സ്ഥലം വാങ്ങുന്നതിനായി തൻ്റെ സ്വർണാഭരണങ്ങൾ വിൽക്കാൻ ഭർത്താവ് നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു. കൂടാതെ, കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഒരു കുടുംബ ചടങ്ങിനിടെ ഭർത്താവിൻ്റെ സഹോദരി തന്നെ അപമാനിച്ചുവെന്നും, ഭർത്താവിൻ്റെ സഹോദരൻ ലൈംഗികച്ചുവയോടെ പെരുമാറിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.


