Asianet News MalayalamAsianet News Malayalam

'വിമാനത്തിൽ വിളമ്പിയ സാന്‍ഡ്‍വിച്ചിൽ പുഴു, ജീവനക്കാരെ അറിയിച്ചിട്ടും വിതരണം തുടർന്നു'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. ആർക്കെങ്കിലും അണുബാധയുണ്ടായാൽ  എന്തു ചെയ്യുമായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തക കൂടിയായ യുവതി

Woman Finds Worm In Sandwich On IndiGo Flight Airlines apologised SSM
Author
First Published Dec 30, 2023, 4:12 PM IST

ദില്ലി: ഇന്‍ഡിഗോ വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‍വിച്ചില്‍ നിന്ന് പുഴുവിനെ കിട്ടിയെന്ന് യുവതിയുടെ പരാതി. ഡൽഹി - മുംബൈ വിമാനത്തിലാണ് സംഭവം. പിന്നാലെ ഇൻഡിഗോ എയർലൈൻസ് യുവതിയോട് മാപ്പ് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലാണ് യുവതി ഇക്കാര്യം പങ്കുവെച്ചത്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള 6E 6107 എന്ന വിമാനത്തിലാണ് സംഭവം. സാന്‍ഡ്‍വിച്ചില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചിട്ടും മറ്റ് യാത്രക്കാർക്ക് അതേ സാൻഡ്‌വിച്ച് വിളമ്പുന്നത് തുടർന്നു. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. ആർക്കെങ്കിലും അണുബാധയുണ്ടായാൽ  എന്തു ചെയ്യുമായിരുന്നുവെന്നും ആരോഗ്യപ്രവര്‍ത്തക കൂടിയായ യുവതി ചോദിക്കുന്നു. 

വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കേണ്ട എന്നു കരുതിയാണ് താനപ്പോള്‍ പരസ്യമായി പ്രതികരിക്കാതെ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍ സാന്‍ഡ്‍വിച്ചിന് ഗുണനിലവാരമില്ല എന്ന കാര്യം മറ്റ് യാത്രക്കാരോട് പറയാന്‍ വിമാന ജീവനക്കാർ തയ്യാറായില്ല. പകരം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നാണ് ജീവനക്കാരി പറഞ്ഞതെന്ന് യുവതി വിശദീകരിച്ചു. 

താന്‍ ഔദ്യോഗികമായി പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ടല്ല പരാതി ഉന്നയിക്കുന്നത്. യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻ‌ഗണന നല്‍കുമെന്ന ഉറപ്പാണ് വേണ്ടതെന്നും യുവതി വ്യക്തമാക്കി. പിന്നാലെ ഇന്‍ഡിഗോ യുവതിയോട് മാപ്പ് പറഞ്ഞു.

"ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള 6E 6107 ഫ്ലൈറ്റിലെ അനുഭവത്തെക്കുറിച്ച് യാത്രക്കാരി ആശങ്ക ഉന്നയിച്ചിട്ടുണ്ട്. വിമാനത്തിൽ ഉയർന്ന നിലവാരമുള്ള ഭക്ഷണ - പാനീയം ലഭ്യമാക്കാനുള്ള പ്രതിബദ്ധത ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആ സാൻഡ്‌വിച്ച് വിതരണം ചെയ്യുന്നത് ഞങ്ങളുടെ ജീവനക്കാര്‍ ഉടന്‍ നിര്‍ത്തി. ഈ സംഭവം സമഗ്രമായി പരിശോധിക്കുന്നുണ്ട്, ഉചിതമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കും. യാത്രക്കാരിക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു"- ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Latest Videos
Follow Us:
Download App:
  • android
  • ios