സ്വത്തിന് വേണ്ടി അമ്മായിയമ്മയെ മരുമകൾ ക്രൂരമായി മർദിച്ചു. 'അമ്മേ ഇങ്ങനെ ചെയ്യരുത്' എന്ന് സ്വന്തം മകൻ കരഞ്ഞ് അപേക്ഷിച്ചിട്ടും യുവതി പിന്മാറിയില്ല. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കുട്ടി തന്നെയാണ് ഫോണിൽ പകർത്തിയത്.

ചണ്ഡിഗഡ്: അമ്മായിയമ്മയെ മുടിയിൽ കുത്തിപ്പിടിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്ത് മരുമകൾ. 'അമ്മേ ഇങ്ങനെ ചെയ്യരുത്, മുത്തശ്ശിയെ വെറുതെവിടൂ' എന്ന് കുട്ടി കരഞ്ഞു പറഞ്ഞിട്ടും യുവതി പിന്മാറിയില്ല. കുട്ടി തന്നെയാണ് ഫോണിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യം റെക്കോർഡ് ചെയ്തത്. തങ്ങളുടെ വീട്ടിൽ ഇത് പതിവാണെന്നും കുട്ടി പറഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം.

ഹർജീത് കൗർ എന്ന യുവതിയാണ് അമ്മായിയമ്മയായ ഗുർബജൻ കൗറിനെ മുടിക്ക് പിടിച്ച് വലിച്ചിഴച്ചത്. ഹർജീതിന്‍റെ മകൻ മുത്തശ്ശിയെ വിടാൻ അപേക്ഷിച്ചു. എന്നിട്ടും ഹർജീത് അധിക്ഷേപവും മർദനവും തുടർന്നു. എന്നിട്ട് സോഫയിലേക്ക് തള്ളിയിടുകയും ചെയ്തു. ഹർജീത് കൗർ സ്റ്റീൽ ഗ്ലാസ് എടുത്ത് ഗുർബജൻ കൗറിനെ രണ്ടു തവണ അടിച്ച ശേഷം അത് നിലത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യത്തിലുണ്ട്. ഗുർബജൻ തന്‍റെ കാൽ ഉപയോഗിച്ച് മരുമകളെ തള്ളിമാറ്റാൻ ശ്രമിക്കുമ്പോൾ, മരുമകൾ കാലിൽ പിടിച്ച് വലിച്ചു.

പൊലീസിൽ പരാതി നൽകി

എല്ലാ സ്വത്തുക്കളും തന്‍റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് മരുമകൾ മർദിച്ചതെന്ന് ഗുർബജൻ കൗർ നൽകിയ പരാതിയിൽ പറയുന്നു. അമ്മ മദ്യപിക്കുമ്പോൾ മുത്തശ്ശിയെ പതിവായി മർദിക്കാറുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അമ്മ ചിലപ്പോഴൊക്കെ തന്നെയും അച്ഛനെയും മർദിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. തെളിവ് എന്ന നിലയിലാണ് താൻ വീഡിയോ റെക്കോർഡ് ചെയ്തതെന്നും കുട്ടി പറഞ്ഞു. അമ്മ അച്ഛനെ ചെരുപ്പ് കൊണ്ട് അടിക്കുന്ന ദൃശ്യവും കുട്ടി റെക്കോർഡ് ചെയ്തിട്ടുണ്ട്. അമ്മയ്ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് കുട്ടി പൊലീസിനോട് ആവശ്യപ്പെട്ടു.