കൊൽക്കത്തയിലെ ഒരു ലോക്കൽ ട്രെയിനിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഒരു യുവതി സഹയാത്രികർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. മറ്റ് യാത്രക്കാർ ചേർന്ന് യുവതിയെ കീഴ്പ്പെടുത്തുകയും റെയിൽവേ പോലീസിന് കൈമാറുകയും ചെയ്തു.
കൊൽക്കത്ത: കൊൽക്കത്തയിലെ ഒരു ലോക്കൽ ട്രെയിനിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മറ്റ് യാത്രക്കാർക്ക് നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ച യുവതിയെ സഹയാത്രികർ തടഞ്ഞുവെച്ചു. സീൽദാ സ്റ്റേഷനിലാണ് സംഭവം. ഇൻസ്റ്റാഗ്രാം ഉപയോക്താവായ അമൃത സർക്കാരി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പോസ്റ്റിന്‍റെ അടിക്കുറിപ്പിൽ 'അപകടകരമായ അനുഭവം' എന്ന് വിശേഷിപ്പിച്ചാണ് അമൃത വീഡിയോ പങ്കുവെച്ചത്. പച്ച കുർത്തി ധരിച്ച യുവതി സീറ്റിനെ ചൊല്ലി മറ്റൊരു യാത്രക്കാരിയുമായി തർക്കത്തിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ യുവതി പെപ്പർ സ്പ്രേ കയ്യിലെടുക്കുകയും അത് മറ്റ് യാത്രക്കാർക്ക് നേരെ പ്രയോഗിക്കാൻ ശ്രമിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീ ഇടപെടാൻ ശ്രമിച്ചപ്പോൾ, യുവതി കൂടുതൽ ആക്രമണകാരിയായി മാറുകയും ട്രെയിൻ കമ്പാർട്ട്‌മെന്‍റിനുള്ളിൽ ഉടനീളം പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. "എല്ലാവരും ചുമയ്ക്കാൻ തുടങ്ങി. എല്ലാവരുടെയും തൊണ്ടയും മൂക്കും എരിയാൻ തുടങ്ങി. രണ്ട് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു" അമൃത തന്‍റെ പോസ്റ്റിൽ കുറിച്ചു.
പൊലീസിന് കൈമാറി
മറ്റ് യാത്രക്കാർ ചേർന്ന് ഒടുവിൽ യുവതിയെ കീഴ്പ്പെടുത്തുകയും റെയിൽവേ പൊലീസിന് കൈമാറുകയും ചെയ്തു. യാത്രക്കാർ യുവതിയെ പിടിച്ചുവെക്കുന്നതും യുവതി ക്ഷമാപണം നടത്തുന്നതും മറ്റ് സ്ത്രീകൾ രംഗങ്ങൾ റെക്കോർഡ് ചെയ്യുന്നതും വൈറലായ വീഡിയോയിൽ കാണാം. യുവതിയുടെ പെരുമാറ്റത്തെ അമൃത സർകാർ രൂക്ഷമായി വിമർശിച്ചു. യഥാർത്ഥ അപകടമുള്ളപ്പോൾ സ്വയം പ്രതിരോധത്തിനായി മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് പെപ്പർ സ്പ്രേ എന്ന് അവർ പറഞ്ഞു.


