കർണാടകയിലെ ഗുഹയിൽ രേഖകളില്ലാതെ താമസിച്ചിരുന്ന റഷ്യൻ യുവതിയെയും പ്രായപൂർത്തിയാകാത്ത മക്കളെയും റഷ്യയിലേക്ക് തിരിച്ചയക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. യാത്രാരേഖകൾ കൈമാറി ഇവരെ തിരിച്ചയക്കാൻ കേന്ദ്രസർക്കാരിന് കോടതി അനുമതി നൽകി.
ബെംഗളൂരു: കർണാടകയിൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ റഷ്യക്കാരിയെയും പ്രായപൂർത്തിയാകാത്ത മക്കളെയും റഷ്യയിലേക്ക് തിരിച്ചയക്കും. ഇവർക്ക് യാത്രാ രേഖകൾ കൈമാറാൻ കേന്ദ്ര സർക്കാരിന് കർണാടക ഹൈക്കോടതി അനുവാദം നൽകി. കുട്ടികളുടെ പിതാവെന്ന് അവകാശപ്പെട്ട് ഇസ്രയേലി പൗരൻ ഷ്ലോമോ ഗോൾഡ്‌സ്റ്റൈൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതി ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ഇസ്രായേലി പൗരൻ ഡ്രോർ ഷ്ലോമോ ഗോൾഡ്‌സ്റ്റൈൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉടൻ അമ്മയ്ക്കൊപ്പം റഷ്യയിലേക്ക് അയക്കരുതെന്ന് കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഗോൾഡ്‌സ്റ്റൈൻ കോടതിയെ സമീപിച്ചത്.
ജൂലൈ 11 ന് കുംത താലൂക്കിൽ ഗോകർണത്തിനടുത്ത് രാമതീർത്ഥ കുന്നുകളിലെ ഒരു ഗുഹയിൽ നിന്നാണ് നീന കുട്ടിന എന്ന സ്ത്രീയെ കണ്ടെത്തിയത്. ഈ സമയത്ത് ഇവർക്കൊപ്പം രണ്ട് പെൺകുട്ടികളും ഉണ്ടായിയരുന്നു. ഇന്ത്യയിൽ താമസിക്കുന്നതിന് സാധുവായ യാത്രാ രേഖകളോ താമസ രേഖകളോ ഇല്ലാതെ രണ്ട് മാസത്തോളം ഗുഹയിൽ താമസിച്ച ശേഷമാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.
നീന കുട്ടിന പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെ റഷ്യൻ കോൺസുലേറ്റിലേക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് കത്തയച്ചിരുന്നു. ഇവർക്ക് യാത്രാ രേഖകൾ റഷ്യൻ കോൺസുലേറ്റ് അനുവദിക്കുകയും ചെയ്തു. എന്നാലിതിന് ഒക്ടോബർ ഒൻപത് വരെ മാത്രമാണ് കാലാവധി. ഈ സാഹചര്യത്തിൽ രേഖകൾ കൈമാറി നീന കുട്ടിനയെയും മക്കളെയും റഷ്യയിലേക്ക് മടക്കി അയക്കണമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഇവരെ റഷ്യയിലേക്ക് അയക്കുന്നത് കുട്ടികളുടെ മെച്ചപ്പെട്ട ജീവിതത്തിന് തടസമാകുമെന്ന് ഗോൾഡ്‌സ്റ്റൈൻ്റെ അഭിഭാഷകൻ വാദിച്ചു.
കുട്ടികളെ കാണാനില്ലെന്ന് കാട്ടി നേരത്തെ ഗോൾഡ്‌സ്റ്റൈൻ ഗോവയിലെ പനാജി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇത്. പക്ഷെ കോടതിയിൽ എത്തിയ കേസിൽ അമ്മയ്ക്കും മക്കൾക്കും കർണാടകയിലെ ഗുഹയിൽ ഒളിച്ച് കഴിയേണ്ട സാഹചര്യം എന്തായിരുന്നുവെന്ന ചോദ്യത്തിന് ഗോൾഡ്‌സ്റ്റൈൻ്റെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. കുട്ടിനയെയും പെൺമക്കളെയും സ്ത്രീകൾക്കായുള്ള വിദേശികളുടെ നിയന്ത്രണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. നീന കുട്ടിനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഇളയ പെൺകുട്ടിയുടെ മാതാപിതാക്കൾ ആരാണെന്ന് സ്ഥിരീകരിക്കാത്തതും കേസിൽ കോടതിയുടെ തീരുമാനത്തെ സ്വാധീനിച്ചു. എന്നാൽ ഡിഎൻഎ ഫലം ലഭിച്ചെന്നും ഇത് റഷ്യൻ എംബസിക്ക് നൽകിയെന്നുമാണ് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.



