റായ്പൂരിലെ വ്യവസായിയായ ദീപക് ടണ്ഠൺ, ഡിഎസ്‍പി കൽപ്പന വെർമ്മ തന്നെ പ്രണയബന്ധത്തിൽ കുടുക്കി രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുത്തതായി ആരോപിക്കുന്നു. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പരാതിപ്പെടുന്നു. 

റായ്പൂർ: റായ്പൂരിലെ ഡിഎസ്‍പി കൽപ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങൾ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠൺ എന്ന വ്യവസായി മാധ്യമങ്ങൾക്കു മുന്നിൽ പുറത്തുവിട്ടു. ഡിഎസ്‍പി കൽപ്പനയ്ക്കെതിരെ ദീപക് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പണത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ദീപക് മാധ്യമങ്ങളുമായി പങ്കുവെച്ചു.

ആരോപണങ്ങൾ

ദന്തേവാഡയിൽ ജോലി ചെയ്യുന്ന ഡിഎസ്‍പി കൽപ്പന 2021ലാണ് ദീപക്കിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചു. ഡിഎസ്‍പി തന്നെ പ്രണയബന്ധത്തിൽ കുടുക്കിയെന്നും തുടർച്ചയായി പണവും വില കൂടിയ സമ്മാനങ്ങളും ആവശ്യപ്പെട്ടെന്നും ദീപക് ആരോപിക്കുന്നു. സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ, ഡിഎസ്‍പി കള്ളക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യവസായി പരാതിയിൽ പറയുന്നു.

വാട്‌സ്ആപ്പ് ചാറ്റുകൾ

ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരു ചാറ്റിൽ, ദീപക് ദന്തേവാഡയിലേക്ക് വരുന്നുണ്ടോ എന്ന് ഡിഎസ്‍പി ചോദിക്കുന്നതും, 'ഐ ലവ് യൂ' എന്ന് പറഞ്ഞ് ഉടൻ സന്ദർശിക്കാമെന്ന് വ്യവസായി മറുപടി നൽകുന്നതും കാണാം. ദീപക്കിന്‍റെ ഭാര്യ ബർഖ ടണ്ഠൺ്റെ പേരിലുള്ള ഒരു കാർ ഡിഎസ്‍പി കൽപ്പന കൈവശം വെച്ചതായും പറയപ്പെടുന്നു. കൂടാതെ, ദീപക് സമ്മാനമായി നൽകിയ വജ്ര മോതിരത്തിന്‍റെ ചിത്രവും അതിന്‍റെ സർട്ടിഫിക്കറ്റും പ്രചരിക്കുന്നുണ്ട്.

മറ്റൊരു ചാറ്റിൽ വ്യവസായി 'നീ എന്‍റേതാണ്... പണമല്ല പ്രിയേ, നിനക്ക് കഷ്ടപ്പാടുണ്ടാകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല' എന്ന് പറയുന്നു. ഇതിന് മറുപടിയായി ഡിഎസ്‍പി 'എങ്കിൽ ഇപ്പോൾ എന്തുകൊണ്ടാണ് സഹായിക്കാത്തത്? ഇരട്ടി തിരികെ നൽകാം, ഞാൻ വാഗ്ദാനം ചെയ്യുന്നു' എന്ന് മറുപടി നൽകുന്നു. ദീപക് ഇതിനോട്, 'വേണ്ട, സുഹൃത്തേ, ഞാൻ നിന്നിൽ നിന്ന് ഒരിക്കലും എടുക്കില്ല, നിനക്ക് മാത്രം നൽകും' എന്നും മറുപടി നൽകുന്നുണ്ട്. എന്നാൽ, പ്രചരിക്കുന്ന ഫോട്ടോകളുടെയും ചാറ്റുകളുടെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.