മഹാരാഷ്ട്രയിലെ പ്രധാന ഹൈവേകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ടോൾ പൂർണ്ണമായും ഒഴിവാക്കാൻ നിർദേശം. ഇവി ഉടമകളിൽ നിന്ന് തെറ്റായി പിരിച്ചെടുത്ത ടോൾ തുക എട്ട് ദിവസത്തിനകം തിരികെ നൽകാനും സ്പീക്കർ ഉത്തരവിട്ടു.

മുംബൈ: ഹരിത ഗതാഗതത്തിന് പ്രോത്സാഹനം നൽകിക്കൊണ്ട്, സംസ്ഥാനത്തെ പ്രധാന ഹൈവേകളിലെല്ലാം ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണ്ണമായും ടോൾ ഒഴിവാക്കാനുള്ള നിർദ്ദേശം അടുത്ത എട്ട് ദിവസത്തിനകം നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദേശം. ടോൾ ഒഴിവാക്കാനുള്ള ഔദ്യോഗിക നയം നിലവിലുണ്ടായിട്ടും തങ്ങൾക്ക് ടോൾ ഈടാക്കുന്നുവെന്ന ഇ വി ഉടമകളുടെ പരാതികൾ വർദ്ധിച്ചതിനെ തുടർന്നാണ് ഈ നടപടി. നാഗ്പൂരിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ രാഹുൽ നർവേക്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉടൻ തന്നെ ഇത് പാലിക്കണമെന്നും, ഇ വി ഉപയോക്താക്കളിൽ നിന്ന് തെറ്റായി പിരിച്ച ടോൾ തുക തിരികെ നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. നയം പ്രാബല്യത്തിൽ വന്നതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ടോൾ പിരിവിനെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച സ്പീക്കർ, നിർവ്വഹണത്തിലെ വീഴ്ചകൾ ഉടൻ തിരുത്തണമെന്ന് ഊന്നിപ്പറഞ്ഞു.

സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണം

മുംബൈ-പൂനെ എക്‌സ്പ്രസ് വേ, സമൃദ്ധി മഹാമാർഗ്, അടൽ സേതു ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ ഇളവ് ബാധകമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. നികുതി ഒഴിവാക്കൽ, രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കൽ, സബ്സിഡികൾ എന്നിവ ഉൾപ്പെടുന്ന മഹാരാഷ്ട്ര ഇലക്ട്രിക് വെഹിക്കിൾ പോളിസി 2025 സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു.

എന്നാൽ, ഫാസ്റ്റാഗ് സംവിധാനങ്ങളും വാഹൻ വാഹന ഡാറ്റാബേസും തമ്മിലുള്ള ബാക്കെൻഡ് സംയോജനത്തിലെ പ്രശ്നങ്ങൾ കാരണം ടോൾ പ്ലാസകളിൽ ഇ വികളെ തെറ്റായി തരംതിരിച്ചതാണ് ടോൾ ഈടാക്കാൻ കാരണമായത്.

"അടുത്ത എട്ട് ദിവസത്തേക്ക് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കാൻ പാടില്ല, അവരുടെ ഉടമകളിൽ നിന്ന് ഇതിനകം പിരിച്ച ടോൾ തുക തിരികെ നൽകാൻ ശരിയായ സംവിധാനം സൃഷ്ടിക്കണം" നർവേക്കർ പറഞ്ഞു.

ചാർജിംഗ് സ്റ്റേഷനുകൾ വർദ്ധിപ്പിക്കണം

ടോൾ ഓപ്പറേറ്റർമാർ അവരുടെ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും, രജിസ്റ്റർ ചെയ്ത എല്ലാ ഇ വികളും ശരിയായ രീതിയിൽ തിരിച്ചറിയുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സ്പീക്കറുടെ നിർദ്ദേശത്തിൽ പറയുന്നു. ടോൾ ഇളവിന് പുറമെ, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ വിപുലീകരണം വേഗത്തിലാക്കാനും സ്പീക്കർ സർക്കാരിനോട് അഭ്യർത്ഥിച്ചു. വർദ്ധിച്ചുവരുന്ന ഇ വി ഉപയോക്താക്കൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ചാർജിംഗ് പോയിന്‍റുകളുടെ ലഭ്യത വർദ്ധിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരിച്ചടവ് നടപടികൾക്കുള്ള സംവിധാനത്തോടൊപ്പം പരിഷ്കരിച്ച പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ പൂർണ്ണമായ പാലനം ഉറപ്പാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ഈ നീക്കം ആയിരക്കണക്കിന് ഇ വി ഉടമകൾക്ക് സാമ്പത്തിക ആശ്വാസം നൽകുമെന്നും, ശുദ്ധമായ ഗതാഗത ആവാസവ്യവസ്ഥയോടുള്ള മഹാരാഷ്ട്രയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.