വായു മലീനീകരണത്തെ തുടർന്ന് ദില്ലി സർക്കാരിന്റെ കീഴിലുള്ള സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പുതിയ സമയക്രമം നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് പ്രാബല്യത്തില്‍ വരുന്നത്.
ദില്ലി: വായു മലീനീകരണം രൂക്ഷമായതോടെ ദില്ലി സർക്കാരിന്റെ കീഴിലുള്ള സർക്കാർ ഓഫീസുകളിൽ അൻപത് ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയങ്ങളിൽ ക്രമീകരണവും വരുത്തി. പുതിയ സമയക്രമം ശൈത്യകാലമായ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ദില്ലിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെ ആയിരിക്കും ഓഫീസ് ടൈം.മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ നിലവിലത്തെ സമയം രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് 5.30 വരെയാണ്. നവംബര്‍ 15 മുതല്‍ ഇത് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും.
അതേസമയം മലീനീകരണം നിയന്ത്രിക്കുന്നതിൽ സർക്കാർ വീഴ്ച്ച വരുത്തിയെന്ന് കാട്ടി നാളെ ജനകീയ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു. ഇന്ത്യ ഗേറ്റിന് മുന്നിലാണ് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. എന്നാൽ, പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി പൊലീസ് നിഷേധിച്ചു.


