Asianet News MalayalamAsianet News Malayalam

ലോക ചാമ്പ്യൻ പിവി സിന്ധു പ്രധാനമന്ത്രിയെ സന്ദർശിച്ചു; കേന്ദ്രമന്ത്രിയിൽ നിന്ന് പത്ത് ലക്ഷം രൂപ ഏറ്റുവാങ്ങി

ഇവർക്കൊപ്പം സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദ്, ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം വെങ്കല മെഡൽ നേടിയ സായ് പ്രണീത് എന്നിവരും ഉണ്ടായിരുന്നു

World Champion PV Sindhu meets PM Modi, receives Rs 10 lakh cheque from Kiren Rijiju
Author
New Delhi, First Published Aug 27, 2019, 6:17 PM IST

ദില്ലി: ബാഡ്‌മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് പിന്നാലെ പിവി സിന്ധു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. വിദേശപര്യടനത്തിന് ശേഷം ഇന്നലെ ദില്ലിയിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ ഇന്നാണ് സിന്ധു സന്ദർശിച്ചത്. ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷം സ്വിറ്റ്സർലന്റിൽ നിന്നും മടങ്ങിയെത്തിയ സിന്ധുവിനെ കേന്ദ്ര കായികവകുപ്പ് മന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. 

കേന്ദ്രമന്ത്രിയുടെ ഒപ്പമാണ് പിവി സിന്ധു പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇവർക്കൊപ്പം സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദ്, ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം വെങ്കല മെഡൽ നേടിയ സായ് പ്രണീത് എന്നിവരും ഉണ്ടായിരുന്നു.

സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സിന്ധുവിനെ നേരിട്ട് കണ്ടതില്‍ സന്തോഷമുണ്ടെന്നും ഭാവിയില്‍ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. പിന്നാലെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതിന് സിന്ധുവിന് കേന്ദ്രസർക്കാരിന്റെ സമ്മാനമായ പത്ത് ലക്ഷം രൂപയുടെ ചെക്ക് കേന്ദ്രമന്ത്രി കിരൺ റിജ്ജു കൈമാറി. വെങ്കലമെഡൽ ജേതാവ് സായ് പ്രണീതിന് നാല് ലക്ഷം രൂപയും ഇദ്ദേഹം സമ്മാനിച്ചു. സിന്ധുവിന്റെ മറ്റൊരു പരിശീലകനായ കിം ജി ഹ്യൂന്‍, പിതാവ് പിവി രമണ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 

ലോക ചാമ്പ്യൻഷിപ്പിൽ ഇത് അഞ്ചാമത്തെ തവണയാണ് സിന്ധു മെഡൽ നേടുന്നത്.  രണ്ട് വെള്ളിയും രണ്ട് വെങ്കലവും സിന്ധു നേരത്തെ സ്വന്തമാക്കിയിരുന്നു. നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാൻ താരം നൊസോമി ഒകുഹാരയെ മറികടന്നാണ് 24കാരിയായ പിവി സിന്ധു ലോക ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. പിവി സിന്ധുവിന് 20 ലക്ഷം രൂപയും സായ് പ്രണീതിന് 5 ലക്ഷം രൂപയും ഇന്ത്യൻ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പാരിതോഷികമായി നല്‍കും. 

Follow Us:
Download App:
  • android
  • ios