Asianet News MalayalamAsianet News Malayalam

2020ന് സ്വാഗതമോതി രാജ്യം; രാജ്യത്ത് ആഘോഷവും പ്രതിഷേധവും

കേരളത്തില്‍ പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു പുതുവത്സരാഘോഷം. മലപ്പുറം കുന്നുമ്മലിൽ യൂത്ത് ലീഗ് ഫ്രറ്റേണിറ്റി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചുമാണ് പുതുവർഷത്തെ വരവേറ്റത്. 

world welcomes new year 2020
Author
Trivandrum, First Published Jan 1, 2020, 12:04 AM IST

തിരുവനന്തപുരം: പുതുവർഷത്തെ വരവേറ്റ് ലോകം. കേരളത്തിലും ആഘോഷം പൊടിപൊടിക്കുകയാണ്. പുതുവർഷം ആദ്യമെത്തിയത് കിരിബാവോയിലും സമോവയിലും ടോംഗോയിലുമാണ്. പിന്നാലെ ന്യൂസിലണ്ടിലും ഓസ്ട്രേലിയയിലും പുതുവർഷമെത്തി. 2020നെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് ജപ്പാനിലും ദുബായിലും ഉൾപ്പെടെ നടത്തിയിരിക്കുന്നത്. ഏറ്റവും അവസാനം പുതുവർഷം പിറക്കുക ബേക്കർ ദ്വീപിലാണ്.

കേരളത്തില്‍ പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു പുതുവത്സരാഘോഷം. മലപ്പുറം കുന്നുമ്മലിൽ യൂത്ത് ലീഗ് ഫ്രറ്റേണിറ്റി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചുമാണ് പുതുവർഷത്തെ വരവേറ്റത്. കണ്ണൂരിൽ സമരക്കാര്‍ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. 

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ നടക്കുന്നത്. രഹസ്യ അന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിനെ തുടർന്ന് പ്രതിഷേധങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദ്വേഷത്തിന്‍റെ ആൾരൂപത്തെ കത്തിച്ചാണ് ഇത്തവണ കാസര്‍കോട് പുതുവർഷം ആഘോഷിച്ചത്. 

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ദില്ലിയിലെ വിവിധ ഇടങ്ങളിൽ പരിപാടികൾ നടന്നു. നഗരത്തിനുള്ളിൽ കോണാട്ട് പ്ലേസ് കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. ഇത്തവണ ഇന്ത്യാ ഗേറ്റിന് മുന്നിൽ ആഘോഷപരിപാടികൾക്ക് പൊലീസ് അനുമതി നൽകിയില്ല. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്ന ജാമിയ സർവകലാശാലയിലും ഷെഹീൻ ബാഗിലും പരിപാടികൾ നടന്നു.

കാമ്പസിനു മുന്നിൽ ആയിരക്കണക്കിന് വിദ്യാത്ഥികളും നാട്ടുകാരും ഒത്തുകൂടി. കലാപരിപാടികളും, മെഴുകുതിരി കത്തിച്ചു പ്രതിഷേധങ്ങളും നടത്തി. പൗരത്വ നിയമത്തിനെതിരെ പ്ലേക്കാർഡുകളും ഉയർത്തിപ്പിടിച്ചാണ് പരിപാടിക്ക് ആളുകൾ എത്തിയത്. ആഘോഷത്തിന് ശേഷം ദേശീയ ഗാനം പാടി ആളുകൾ പിരിഞ്ഞു.

അതേസമയം, ചെന്നൈയിൽ പുതുവത്സരാഘോഷം ബഹിഷ്കരിച്ച് ഇടത് വിദ്യാർത്ഥി കൂട്ടായ്മയുടെ രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാർച്ച് നടത്തി. 

Follow Us:
Download App:
  • android
  • ios