ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തില്‍ തനിക്ക് സങ്കടമുണ്ടെന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദ്യൂ​ര​പ്പ. ശി​വ​കു​മാ​ർ എ​ത്ര​യും വേ​ഗം പുറത്ത് എത്തിയാല്‍ ഞാന്‍ സന്തോഷവാനാകുമെന്നും യെ​ദ്യൂ​ര​പ്പ പ​റ​ഞ്ഞു. ശി​വ​കു​മാ​റി​നെ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ ജീ​വി​ത​ത്തി​ൽ ആ​രെ​യും വെ​റു​ത്തി​ട്ടി​ല്ല. ആ​രെ​യും ദ്രോ​ഹി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടു​മി​ല്ല. നി​യ​മം അ​തി​ന്‍റെ വ​ഴി സ്വീ​ക​രി​ക്കു​മെ​ന്നും യെ​ദ്യൂ​ര​പ്പ പ​റ​ഞ്ഞു. അദ്ദേഹം എല്ലാത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേ സമയം കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റ് ചെയ്ത കോൺഗ്രസ്‌ നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ദില്ലി ആർഎംഎൽ ആശുപത്രിയിൽ എത്തിച്ച ശിവകുമാ‌ർ ആശുപത്രിയിൽ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിഷേധം കണക്കിൽ എടുത്ത്  ശിവകുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിപ്പിച്ചു. അറസ്റ്റിൽ കർണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി മുതൽ ഉയരുന്നത്. 

ശിവകുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകത്തിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഇന്നും പ്രതിഷേധം നടത്തും.ശിവകുമാറിന് പിന്തുണയുമായി ജനതാദൾ എസും രംഗത്തെത്തി. ഭീഷണിയാകും എന്ന് കരുതുന്നവരെ വേട്ടയാടുകയാണ് ബിജെപിയെന്ന് എച് ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന്‌ പ്രതിഷേധ പരിപാടികൾ നടത്തും. 

ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോൺഗ്രസ്‌ പ്രവർത്തകർ ബെംഗളൂരു മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കർണാടക ആർടിസി ബസുകൾക്ക് നേരെ കല്ലേറിഞ്ഞു. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയിൽ ഏഴു കോടി കള്ളപ്പണം എന്നാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ  കണ്ടെത്തൽ.