ഗോവയിലെ കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്ഥാനാർത്ഥിയുമായ ഡോ. കേതൻ ഭാട്ടികർ (38) പാമ്പുകടിയേറ്റ് മരിച്ചു. കർണാടകയിലെ ദാണ്ഡേലിയിലേക്കുള്ള യാത്രയ്ക്കിടെ ഗോവ-കർണാടക അതിർത്തിയിൽ വെച്ചാണ് അപകടമുണ്ടായത്. പോണ്ട മണ്ഡലത്തിലെ മുൻ സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിൽ പാർട്ടി അനുശോചിച്ചു.

പനാജി: ഗോവയിലെ കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്ഥാനാർത്ഥിയുമായ ഡോ. കേതൻ ഭാട്ടികർ (38) പാമ്പ് കടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രി കർണാടകയിലെ ദാണ്ഡേലി ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഗോവ-കർണാടക അതിർത്തിയിലുള്ള കർമൽ ഘട്ടിൽ വെച്ചാണ് പാമ്പ് കടിയേറ്റത്. വാഹനം നിർത്തി പുറത്തിറങ്ങിയ സമയത്താണ് പാമ്പ് കടിച്ചതെന്നാണ് വിവരം. ഉടൻ തന്നെ ഗോവയിലെ ധർബന്ദോറയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ ഹൈക്കോടതി വിധിയെത്തുടർന്ന് ഈ ഉപതിരഞ്ഞെടുപ്പ് പിന്നീട് റദ്ദാക്കിയിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഇദ്ദേഹത്തിൻ്റെ മരണം. മരണത്തിൽ ഗോവ പ്രതിപക്ഷ നേതാവ് യൂറി അലിമാവോ അനുശോചിച്ചു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. യുവ നേതാവിന്റെ മരണം പാർട്ടിക്കും ഗോവയിലെ സാമൂഹിക മണ്ഡലത്തിനും വലിയ നഷ്ടമാണെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.