ഝാൻസിക്ക് സമീപം ഓടുന്ന ട്രെയിനിൽ വെച്ച് പ്രമോദ് ശ്രീവാസ് എന്നയാൾ കുളിക്കുന്നതിന്‍റെ വീഡിയോ വൈറലായി. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാൻ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന് ഇയാൾ സമ്മതിച്ചതിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നിയമനടപടി ആരംഭിച്ചു.
ലഖ്നൗ: ഓടുന്ന ട്രെയിൻ കോച്ചിൽ ഒരാൾ കുളിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ഇതിനെതിരെ പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതിനും പൊതു മര്യാദകളെ അവഗണിക്കുന്നതിനും എതിരെ ഓൺലൈനിൽ വ്യാപക വിമർശനമാണ് ഉയര്‍ന്നിട്ടുള്ളത്. വീരങ്കന ലക്ഷ്മിഭായ് ഝാൻസി സ്റ്റേഷൻ ഏരിയക്ക് സമീപം ഓടുന്ന ട്രെയിനിലാണ് ഈ സംഭവം നടന്നത്. പ്രമോദ് ശ്രീവാസ് എന്നയാളാണ് വീഡിയോയിലുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു കോച്ചിന്‍റെ ഇടനാഴിക്ക് നടുവിൽ ഒരു ബക്കറ്റും കപ്പും വെച്ച് സോപ്പും വെള്ളവുമുപയോഗിച്ച് കുളിക്കുകയായിരുന്നു ഇയാൾ. ഈ പ്രവൃത്തി കണ്ട മറ്റു യാത്രക്കാർ വീഡിയോ ചിത്രീകരിക്കുന്നുണ്ടെങ്കിലും ഇയാൾക്ക് ഒരു കൂസലുമില്ലായിരുന്നു. സോഷ്യൽ മീഡിയ റീൽ ഉണ്ടാക്കി പ്രശസ്തി നേടുന്നതിന് വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന് പിന്നീട് ഇയാൾ സമ്മതിച്ചു. ഈ വീഡിയോ സഹയാത്രികരെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.
വീഡിയോ ഓൺലൈനിൽ വൈറലായതിനെത്തുടർന്ന് നോർത്ത് സെൻട്രൽ റെയിൽവേ അധികൃതർ ഉടൻ നടപടി സ്വീകരിച്ചു. ഈ പ്രവൃത്തി അനുചിതവും മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നതുമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആർപിഎഫ് ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ പൊതുമുതലിനെ അപമാനിക്കുന്നതോ ആയ അഭ്യാസങ്ങൾക്കോ റീലുകൾക്കോ വേണ്ടി ട്രെയിനുകൾ ദുരുപയോഗം ചെയ്യരുതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ യാത്രക്കാരോട് ആവശ്യപ്പെട്ടു. അസൗകര്യമുണ്ടാക്കുന്ന അനുചിതമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് ആവശ്യപ്പെട്ട് നോർത്ത് സെൻട്രൽ റെയിൽവേ ഒരു പ്രസ്താവനയും പുറത്തിറക്കി.
വീരങ്കന ലക്ഷ്മിഭായ് ഝാൻസി സ്റ്റേഷനിൽ വെച്ച് ട്രെയിനിനുള്ളിൽ കുളിക്കുന്നതിന്‍റെ വീഡിയോ നിർമ്മിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. റീൽ ഉണ്ടാക്കി പ്രശസ്തി നേടാൻ വേണ്ടിയാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. ആർപിഎഫ് ഈ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചു വരുന്നു. മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നതും അനുചിതവുമായ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുത് എന്ന് നോർത്ത് സെൻട്രൽ റെയിൽവേ എല്ലാ യാത്രക്കാരോടും അഭ്യർത്ഥിക്കുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു.


