ഗൗരവ് നല്ല ഇൻഫ്ലുവൻസറാണ്, പക്ഷേ നല്ല സംരംഭകൻ അല്ലെന്നായിരുന്നു വിമര്‍ശനം
ദില്ലി: തന്‍റെ ലിങ്ക്ഡ് ഇൻ അക്കൗണ്ട് പൂട്ടിപ്പോയെന്നും സഹായം വേണമെന്നും യൂട്യൂബിൽ 'ഫ്ലൈയിംഗ് ബീസ്റ്റ്' എന്നറിയപ്പെടുന്ന ഗൗരവ് തനേജ. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 4-ൽ അദ്ദേഹം എത്തിയ ശേഷമുള്ള ചൂടേറിയ വിവാദങ്ങൾക്കിടയിലാണ് ലിങ്കഡ് ഇൻ അക്കൗണ്ടിനും പൂട്ടു വീണിരിക്കുന്നത്. തനേജ തന്‍റെ സപ്ലിമെന്‍റ് ബ്രാൻഡായ ബീസ്റ്റ് ലൈഫ് ഷോയിൽ അവതരിപ്പിച്ചതോടെയാണ് സംഭവത്തിന്‍റെ തുടക്കം.
സിഇഒ അനുപം മിത്തൽ തനേജയുടെ സംരംഭകത്വ കഴിവുകളെ വിമർശിച്ചു. ഗൗരവ് നല്ല ഇൻഫ്ലുവൻസറാണ്, പക്ഷേ നല്ല സംരംഭകൻ അല്ലെന്നായിരുന്നു വിമര്‍ശനം. ഇതോടെ തന്‍റെ ബിസിനസ് മിടുക്കുകളെ ന്യായീകരിച്ച് ഒരു നീണ്ട ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ തനേജ പ്രതികരിച്ചു. ബീസ്റ്റ് ലൈഫിന്‍റെ സോഷ്യൽ മീഡിയയിലെ റീച്ചുകൾ വ്യക്തമാക്കി കൊണ്ടായിരുന്നു ഗൗരവിന്‍റെ പോസ്റ്റ്. ബീസ്റ്റ് ലൈഫിന്‍റെ വളർച്ച ഓർഗാനിക് ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
''എട്ട് വർഷത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് അനുഭവം കൊണ്ട്, ഓർഗാനിക് റീച്ചിന്‍റെയും പ്രേക്ഷക വിശ്വാസത്തിന്‍റെയും ശക്തി ഞാൻ മനസിലാക്കുന്നു'' - അദ്ദേഹം തന്‍റെ പോസ്റ്റിൽ എഴുതി. ഇതിനിടെ അനുപം മിത്തലിന്‍റെ വിമർശനത്തെത്തുടർന്ന്, വിമർശനത്തെ അംഗീകരിക്കുന്നതിനായി തനേജ തന്‍റെ ലിങ്ക്ഡ്ഇൻ ബയോ അപ്‌ഡേറ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
പക്ഷേ, അക്കൗണ്ട് പൂട്ടിയതിനാല്‍ ഇത് സംബന്ധിച്ച വിവരമൊന്നും ലഭ്യമല്ല. തന്‍റെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ സഹായം അഭ്യർത്ഥിച്ച് ലിങ്ക്ഡ്ഇൻ ഇന്ത്യയുടെ സഹായം തേടി തനേജ എക്സിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ലിങ്ക്ഡ്ഇൻ ഇന്ത്യ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. പ്രശ്‌നത്തിൽ ക്ഷമാപണം നടത്തുകയും എത്രയും വേഗം ഇടപെടാമെന്നും ലിങ്ക്ഡ്ഇൻ ഇന്ത്യ വ്യക്തമാക്കി.
