ബോധം മറഞ്ഞ് വീണ കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. വില്ലുപുരത്തെ ടിവികെ സ്ട്രീറ്റിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. സ്പെഷ്യൽ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ് സ്കൂളിലെത്തിയത്. ക്ലാസ് മുറിയിൽ ഇരുന്നതിന് പിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്കൂളിൽ പതിവ് സമയത്തിനും നേരത്തെ സ്പെഷ്യൽ ക്ലാസ് പതിവായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ക്ലാസിൽ കുട്ടി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോധം മറഞ്ഞ് വീണ കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുണ്ടിയമ്പാക്കത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തിൽ സ്കൂളിനെതിരെ ​കുട്ടിയുടെ അമ്മ ​കെ മഹേശ്വരി ഗുരുതര ആരോപണവുമായി രംഗത്തുവന്നു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് 6 വരെയും സ്കൂളിൽ ക്ലാസുകൾ പതിവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ട് വർഷമായി രാവിലെ 4 മണിക്കാണ് കുട്ടി എഴുന്നേൽക്കുന്നത്. ഉറങ്ങാൻ പോലും സമയം കിട്ടാറില്ലെന്നും അമ്മ പറയുന്നു. മകന് ഒരു അസുഖവും ഉണ്ടായിരുന്നില്ല. പക്ഷേ ഉറക്കമില്ലാതെയുള്ള പഠനവും പുലർച്ചെയുള്ള ക്ലാസും സമ്മർദ്ദമുണ്ടായക്കിയിരുന്നു. വെളുപ്പിനെ സ്കൂളിലെത്തിച്ച മകൻ നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് നടന്ന് പോകുന്നത് കണ്ടതാണെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ വിദ്യഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.