ഒരിക്കൽ പ്രചോദനമായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ധിമാൻ ചക്മ കൈക്കൂലി കേസിൽ അറസ്റ്റിലായി. 47 ലക്ഷം രൂപയും കണ്ടെടുത്തു. 

ഭുവനേശ്വർ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ധിമാൻ ചക്മ (36) ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുകയാണ്. ഒരിക്കൽ സാമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ചതാണ് ധിമാൻ ചക്മ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ. അദ്ദേഹത്തിന്‍റെ പ്രചോദനം നൽകുന്ന ജീവിത യാത്രയായിരുന്നു അതിന് കാരണം. തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലായ ചക്മ, 2021 ജൂണിൽ മയൂർഭഞ്ച് ജില്ലയിലെ ബാരിപ്പടയിൽ അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ് 2019 ബാച്ച്) ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2024 ജനുവരിയിൽ ഐഎഎസ് പരീക്ഷ പാസായതിനെത്തുടർന്ന് അദ്ദേഹം കലാഹണ്ടിയിലെ ധർമ്മഗർ സബ് കളക്ടറായി ചുമതലയേറ്റു.

യുപിഎഎസ്‍സി സിവിൽ സർവീസ് പരീക്ഷ പാസായിതിന് പിന്നിലെ ധിമാന്‍റെ ജീവിത പോരാട്ടമാണ് എല്ലാവര്‍ക്കും പ്രചോദനമായി മാറി. ത്രിപുരയിലെ ഒരു ഉൾനാടൻ പട്ടണമായ കാഞ്ചൻപൂരിൽ നിന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷ വിജയിക്കുന്ന ആദ്യത്തെ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്‍റെ നേട്ടം ശ്രദ്ധേയമായിരുന്നു. പരീക്ഷയ്ക്ക് വേണ്ടിയുള്ള ധിമാന്‍റെ തയ്യാറെടുപ്പുകളെയും വിജയത്തെയും കുറിച്ചുള്ള കഥകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ആ പ്രദേശത്തെ എണ്ണമറ്റ ഉദ്യോഗാർത്ഥികൾക്ക് പ്രചോദനമാകുകയും ചെയ്തു.

പക്ഷേ, ഒഡീഷ വിജിലൻസ് ധിമാൻ ചക്മയെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതോടെ എല്ലാം മാറി മറിഞ്ഞു. ഓപ്പറേഷൻ സമയത്ത് അഴിമതി വിരുദ്ധ ഉദ്യോഗസ്ഥർ 10 ലക്ഷം രൂപ കൈക്കൂലിയായി പിടിച്ചെടുക്കുകയും, തുടർന്ന് നടത്തിയ വീട്ടിലെ പരിശോധനയിൽ 47 ലക്ഷം രൂപ അധികമായി കണ്ടെത്തുകയും ചെയ്തു. ധിമാൻ ചക്മയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ പരിശോധിച്ചുവരികയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അറസ്റ്റിന് മൂന്ന് ദിവസം മുമ്പ്, ഭുവനേശ്വറിൽ നടന്ന റവന്യൂ ഉദ്യോഗസ്ഥരുടെ ദ്വിദിന സമ്മേളനത്തിൽ ധിമാൻ ചക്മ പങ്കെടുത്തിരുന്നു. അവിടെ വെച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും റവന്യൂ മന്ത്രി സുരേഷ് പൂജാരിയും അഴിമതി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് എല്ലാ പങ്കെടുത്തവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

ധിമാൻ ചക്മയുടെ ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള വൈരുദ്ധ്യം സാമൂഹ്യമാധ്യമങ്ങളിൽ തീവ്രമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉപയോക്താക്കൾ അദ്ദേഹത്തിന്റെ പഴയ വീഡിയോകൾക്കൊപ്പം, പിടികൂടിയ പണവുമായി കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്‍റെ സമീപകാല ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്. ധിമാന്‍റെ തുടക്കവും യുവ ഉദ്യോഗാർത്ഥികളുടെ ഹൃദയത്തിൽ അദ്ദേഹം പാകിയ പ്രതീക്ഷയും കണക്കിലെടുക്കുമ്പോൾ ഇത് വളരെ നിരാശാജനകമാണെന്ന് വിരമിച്ച ഡിജിപി സന്തോഷ് കുമാർ ഉപാധ്യായ പറഞ്ഞു.